സ്വയം ഭോഗത്തിന്റെ വിധി? വികാരങ്ങളെ ശമിപ്പിക്കാൻ വേണ്ടി മാത്രമാണെങ്കിൽ...






അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വയം ഭോഗം ഹറാം തന്നെയാണ്. വികാരശമനത്തിന് ഹലാലായ മാര്‍ഗ്ഗങ്ങളില്ലാത്തവര്‍ നോമ്പിലൂടെ അത് ശമിപ്പിക്കണമെന്നാണ് ശരീഅത് പറയുന്നത്. എന്നാല്‍ അത്കൊണ്ടും ശമിക്കാതെ, വ്യഭിചാരത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പാകുന്ന അതീവ സന്നിഗ്ധ ഘട്ടത്തിലല്ലാതെ അതിന് യാതൊരു ന്യായവുമില്ല.

സ്വയം ഭോഗം ശരീരത്തിനും ബുദ്ധിക്കും ഏറെ ദോഷം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇത്ര ശക്തമായി ശരീഅത് നിഷിദ്ധമാക്കിയതില്‍നിന്ന് അത് മനസ്സിലാക്കാവുന്നതേയുള്ളൂ. മനുഷ്യന്റെ ശരീരത്തിനും ബുദ്ധിക്കും ഏറെ പ്രാധാന്യവും മഹത്വവും നല്‍കുന്നതാണ് ഇസ്‌ലാമിന്റെ നിയമങ്ങളും കാഴ്ചപ്പാടുകളും. അതിലുപരി, സ്വയം ഭോഗം പതിവാക്കുന്നവര്‍ പിന്നീട് അതിന് അടിമപ്പെടുകയും വൈവാഹികജീവിതത്തില്‍ പരാജയപ്പെടുകയും ചെയ്യുന്ന അനുഭവങ്ങള്‍ എത്രയോ ഉണ്ട്.

അത് കൊണ്ട് തന്നെ വികാരശമനത്തിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയാണ് വേണ്ടത്. സാധ്യമായാല്‍ എത്രയും വേഗം വിവാഹം കഴിക്കാനാണ് ഇസ്‌ലാം ഉപദേശിക്കുന്നത്. നിങ്ങളില്‍ ആര്‍ക്കെങ്കിലും വിവാഹത്തിന് സാധിക്കുമെങ്കില്‍ അവന്‍ അത് ചെയ്തുകൊള്ളട്ടെ എന്ന പ്രവാചകവചനം അതാണ് സൂചിപ്പിക്കുന്നത്. അതിന് സാധിക്കാത്തവന്‍ നോമ്പെടുത്തുകൊള്ളാനാണ് പ്രവാചകര്‍ ഉപദേശിക്കുന്നത്.




ഭക്ഷണത്തില്‍ മിതത്വം പാലിക്കുന്നതോടെ തന്നെ ഒരളവോളം വികാരങ്ങളെ നിയന്ത്രിക്കാനാവും. വികാരം ഇളക്കുന്ന ദൃശ്യങ്ങളും മറ്റും കാണാതിരിക്കുന്നതും അത്തരം സംഗീതങ്ങളോ മറ്റോ കേള്‍ക്കാതിരിക്കുന്നതും അതിന് ഉപകരിക്കും. നല്ല കൂട്ടുകെട്ടും ആരാധനാകര്‍മ്മങ്ങളിലായി സമയം ചെലവഴിക്കുന്നതും ചിന്തകളെ സ്വതന്ത്രമായി അഴിച്ചുവിടാതിരിക്കാന്‍ സഹായിക്കും.

അതാണല്ലോ പലപ്പോഴും ഇത്തരം ദുഷ്ചിന്തകളിലേക്ക് നയിക്കുന്നത്. സമൂഹത്തിന് ഉപകാരപ്പെടുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് അതില്‍ മുഴുകുന്നതും ഇത്തരം രഹസ്യദോഷങ്ങളില്‍നിന്ന് മോചനം നേടാന്‍ സഹായകമാണ്. ഉറക്കറയിലെ ദൃശ്യങ്ങളും വെളിച്ചവും വിരിപ്പിലെ ചിത്രങ്ങള്‍വരെ വികാരം ഇളക്കിവിടാന്‍ സഹായകമായേക്കാം. അവയും വേണ്ടവിധം സംവിധാനിക്കുന്നത് നല്ലതാണ്.

ഹറാമില്‍നിന്ന് രക്ഷപ്പെടാനെന്ന നല്ല ഉദ്ദേശ്യത്തോടെ ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ക്കൊക്കെ പ്രതിഫലം ലഭിക്കുമെന്നത് കൂടി കൂട്ടിവായിക്കുമ്പോള്‍ നമ്മുടെ ഓരോ നിമിഷവും ധന്യമാകുന്നതായി അനുഭവപ്പെടും. അതാണ് ഒരു വിശ്വാസിയുടെ യഥാര്‍ത്ഥ നിമിഷങ്ങള്‍. വിശ്വാസത്തിന്റെ രുചി അറിയാനും അതിലൂടെ തെറ്റുകുറ്റങ്ങളില്‍നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കാനും നാഥന്‍ തുണക്കട്ടെ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.




Subscribe to get more videos :