Sunday, September 12, 2021
ഒരാൾ നമുക്ക് കടം വാങ്ങിയത് തരാൻ ഉണ്ടെങ്കിൽ അത് നമ്മൾ പൊരുത്തപ്പെട്ടു കൊടുത്താൽ നമ്മള്‍ക്ക് പരലോകത്ത് വല്ല കൂലിയും കിട്ടുമോ?
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കടം കൊടുക്കുന്നത് തന്നെ ഏറെ പ്രതിഫലമുള്ല കാര്യമാണ്. സ്വദഖ ചെയ്യുന്നതിന്‍റെ പകുതി പ്രതിഫലം കടം നല്‍കുന്നതിന് ലഭിക്കുമെന്ന് വരെ പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്. സമാനമായ പ്രതിഫലമാണ്, തിരിച്ചടക്കാന്‍ സാധിക്കാത്തവന്, തിയതി നീട്ടിക്കൊടുക്കുന്നതിനുമുള്ളത്. തിരിച്ചടക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി, തിരിച്ചടക്കേണ്ടതില്ലെന്ന് പറഞ്ഞ് അത് പൊരുത്തപ്പെട്ട് നല്‍കുന്നതിലൂടെ, സഹോദരന്‍റെ ആവശ്യം കണ്ടറിഞ്ഞ് സഹായിക്കുന്നതിനുള്ള വളരെ വലിയ പ്രതിഫലം ലഭ്യമാവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കടത്തെകുറിച്ച് പറയുന്നിടത്ത് വിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെ പറയുന്നതായി കാണാം
വല്ല ഞെരുക്കക്കാരനും ഉണ്ടായാല്‍ അവന് ആശ്വാസമുണ്ടാകുന്നതുവരെ ഇടകൊടുക്കേണ്ടതാകുന്നു. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍ ദാനമായി വിട്ടുകൊടുക്കലാണ് ഏറ്റവും ഉത്തമം. (സൂറതുല്‍ബഖറ-280)
പരലോകത്തെ പ്രശ്നങ്ങളില്‍നിന്ന് മോചനം നേടാനും അല്ലാഹുവിന്‍റെ പ്രത്യേക തണല്‍ ലഭിക്കാനുമുള്ള മാര്‍ഗ്ഗമായി, പ്രയാസപ്പെടുന്ന കടക്കാരന് വിട്ടുവീഴ്ച ചെയ്തുകൊടുക്കുന്നതിനെ എണ്ണുന്ന ധാരാളം ഹദീസുകള്‍ കാണാം. ഇമാം നസാഈ, അഹ്മദ്, ഇബ്നുഹിബ്ബാന്‍ തുടങ്ങി പലരും നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം, മുന്‍കാലക്കാരനായ ഒരാള്‍ ഒരു സല്‍കര്‍മ്മവും ചെയ്യാത്തവനായിരുന്നു. അയാള്‍ ജനങ്ങള്‍ക്കെല്ലാം കടം കൊടുക്കുമായിരുന്നു. ശേഷം അത് തിരിച്ചുവാങ്ങാന്‍ നിയോഗിക്കപ്പെടുന്ന ദൂതനോട് ഇങ്ങനെ പറയുമായിരുന്നു,
തിരിച്ചുതരാന്‍ കഴിയുന്നവരില്‍നിന്ന് നീ വാങ്ങുക, അല്ലാത്തവര്‍ക്ക് മാപ്പ് കൊടുത്തേക്കുക, അല്ലാഹു നമുക്കും മാപ്പ് തന്നേക്കാം എന്ന്. മരണശേഷം, ആ ഒരു കാരണം കൊണ്ട് മാത്രം അല്ലാഹു അദ്ദേഹത്തിന് എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കുകയുണ്ടായി. സൃഷ്ടികളോട് കാരുണ്യത്തോടെ പെരുമാറാനുള്ള സന്മനസ്സ് നാഥന്‍ നല്‍കുമാറാവട്ടെ.

