പുകവലിയുടെ ഇസ്‌ലാമിക വിധി എന്താണ് ? ഹറാമാണോ?





അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബുദ്ധിക്കോ ശരീരത്തിനോ ബുദ്ധിമുട്ട് വരുത്തുന്നവയൊക്കെ നിഷിദ്ധമാണെന്നാണ് ശരീഅതിന്‍റെ പൊതുവായ നിയമം. ശരീരത്തിനോ ബുദ്ധിക്കോ ബുദ്ധിമുട്ടുണ്ടാക്കുന്ന കല്ല്, മണ്ണ്, വിഷം തുടങ്ങിയവ എല്ലാ വസ്തുക്കളും എത്ര കുറച്ചാണെങ്കിലും നിഷിദ്ധമാണ് (ഫത്ഹുല്‍മുഈന്‍ )

അപ്പോള്‍ പുകവലി കാരണം ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കില്‍ കര്‍മ്മശാസ്ത്ര വീക്ഷണ പ്രകാരം അത് നിഷിദ്ധവും കുറ്റകരവുമാണ്. നിലവിലെ സാഹചര്യത്തില്‍ പുകവലിയെ വിലയിരുത്തുമ്പോള്‍ പൊതുവില്‍ അത് നിഷിദ്ധമാണ് എന്ന് തന്നെ പറയേണ്ടിവരും. പുകവലി ഉല്‍പന്നങ്ങളുടെ ഉപയോഗം മാരകമായ അസുഖങ്ങള്‍ക്ക് വഴിയൊരുക്കുമെന്നത് ഇന്ന് ഏറെ വ്യക്തമാണല്ലോ. ഇന്ന് സമൂഹത്തെ ബാധിച്ച വിപത്താണ് പുകവലി. കോടിക്കണക്കിന് രൂപ പ്രതിദിനം ഇതിന് വേണ്ടി ചെലവഴിക്കപ്പെടുന്നു. ദാരുണമായ മരണങ്ങള്‍ക്കും മാരകമായ അസുഖങ്ങള്‍ക്കും പുകവലിയുടെ അമിതോപയോഗം കാരണമായിട്ടുണ്ട്. 1964-2004 കാലയളവില്‍ 12 മില്യണ്‍ മരണം പുകവലി കാരണമായി സംഭവിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.



ചിലര്‍ക്ക് മാത്രം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ചെടി ഭക്ഷിക്കുന്നതിനെക്കുറിച്ച് മഹാനായ ഇബ്നുഹജര്‍ (റ)നോട് ഒരാള്‍ ചോദിച്ചു. പുതുതായി വന്ന ഇതിനെക്കുറിച്ച് പഠനം നടത്തിയ ശേഷം മഹാനവര്‍കള്‍ ഇങ്ങനെ മറുപടി കൊടുത്തു: ബുദ്ധിമുട്ടുളളവന് അത് നിഷിദ്ധവും അല്ലാത്തവന്അനുവദനീയവുമാണ്.(ഫതാവാ) പുകവലി ഒരാള്‍ക്ക് വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കും എന്ന് ഉറപ്പായാല്‍ തീര്‍ച്ചയായും അത് അയാള്‍ക്ക് ഹറാം തന്നെയാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. നല്ല സാധനങ്ങളൊക്കെ (ത്വയ്യിബാത്) അവര്‍ക്ക് ഹലാലാക്കുകയും ചീത്ത കാര്യങ്ങളെ (ഖബാഇസ്) അവര്‍ക്ക് നിഷിദ്ധമാക്കുകയും ചെയ്യുന്ന പ്രവാചകരെ പിന്തുടരുന്നവര്‍ എന്ന സൂറുതല്‍ അഅ്റാഫിലെ സൂക്തത്തിന്‍റെ വെളിച്ചത്തിലും പല പണ്ഡിതരും പുകവലിയെ നിഷിദ്ധമാക്കുന്നുണ്ട്.

സാമാന്യ ബുദ്ധിയുള്ളവരൊക്കെ പുകവലിയെ ത്വയ്യിബാതിന്‍റെ ഗണത്തില്‍ ഉള്‍പ്പെടുത്തുകയില്ലെന്നും ഖബാഇസിന്‍റെ ഗണത്തിലേ ഉള്‍പ്പെടുത്തൂവെന്നതും വ്യക്തമാണല്ലോ. സ്വയം പുകവലിക്കുന്നവരും തങ്ങളുടെ മക്കളെ അത് ചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നതും വിരോധിക്കുന്നതും അത് മോശമാണെന്ന് സ്വയം അംഗീകരിക്കുന്നുവെന്നതിന്‍റെ തെളിവ് തന്നെയാണ്. ചുരുക്കത്തില്‍ പുകവലി നിരുല്‍സാഹപ്പെടുത്തപ്പെടേണ്ടതും മോശമായ വസ്തുക്കളുടെ ഗണത്തില്‍ എണ്ണപ്പെടേണ്ടതും തന്നെയാണ്. വ്യക്തിപരമായി അത് ഉപദ്രവമുണ്ടാക്കുന്നുവെന്ന് വരുന്ന സാഹചര്യത്തില്‍ അത് ഉപയോഗിക്കല്‍ ഹറാം തന്നെയാണ്. നല്ലത് ചെയ്യാനും തിന്മ വെടിയാനും നാഥന്‍ തുണക്കട്ടെ.



Subscribe to get more videos :