Sunday, September 12, 2021
മരണവീട്ടില്‍ ഖുര്‍ആന്‍ ഓതുന്നതിന്‍റെ വിധി എന്താണ്?
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മരണ വീട്ടില്‍ ഖുര്‍ആന്‍ ഓതുന്നത് അനുവദനീയവും പുണ്യകരവുമാണ്. മരിച്ചവര്‍ക്ക് വേണ്ടി സല്‍കര്‍മ്മങ്ങള്‍ എന്ത് ചെയ്താലും അതെല്ലാം സ്വീകരിക്കപ്പെടുമെന്നും അതിന്‍റെ പ്രതിഫലം മയ്യിതിന് ലഭിക്കുമെന്നും പ്രമാണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം, ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുന്നിടത്ത് അനുഗ്രഹത്തിന്‍റെ മലകുകളിറങ്ങുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അതും മരണപ്പെട്ട വ്യക്തിക്ക് ഗുണം ചെയ്യുന്നതാണ്. പ്രവാചകര്‍ (സ) രണ്ട് ഖബ്റുകള്‍ക്കരികിലൂടെ നടന്നുപോയപ്പോള്‍, ഒരു പച്ച മട്ടലെടുത്ത് രണ്ടായി കീറി ഖബ്റിന് സമീപം കുത്തിവെച്ചതും ഇത് കണ്ട സ്വഹാബികള്‍, എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോള്‍, അവ രണ്ടും ഉണങ്ങാത്തിടത്തോളം അത് തസ്ബീഹ് ചൊല്ലും, ആ തസ്ബീഹ് കാരണമായി അവരുടെ ശിക്ഷക്ക് ഇളവ് ലഭിച്ചേക്കാം എന്ന് നബിതങ്ങള്‍ പറഞ്ഞതും ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും നിവേദനം ചെയ്തിട്ടുണ്ട്.മട്ടലിന്‍റെ തസ്ബീഹ് പോലും ഗുണം ചെയ്യുമെങ്കില്‍ ഖുര്‍ആന്‍ പാരായണം ഗുണം ചെയ്യുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.ഈമാനോടെ മരിച്ച്, സുഖകരമായ ഖബ്റ് ജീവിതം നയിക്കുന്ന സൌഭാഗ്യവാന്മാരില്‍ നാഥന്‍ നമ്മെയും ഉള്‍പ്പെടുത്തട്ടെ.

