രോഗം, യാത്ര തുടങ്ങിയ കാരണം കൂടാതെ റമളാൻ നോമ്പ് നഷ്ടപ്പെടുത്തിയവൻ വേഗത്തിൽ ഖളാഅ് വീട്ടൽ നിർബന്ധമാണ്. ശവ്വാൽ രണ്ടു മുതൽ തന്നെ അവൻ ഖളാഅ് വീട്ടണം. ചിന്തിച്ചാൽ കുറ്റക്കാരനാവും നോമ്പ് ഖളാഅ് ആക്കിയതിന്റെ പേരിൽ കുറ്റക്കാരനായതുപോലെ.
ഇക്കൂട്ടർ ഖളാഅ് വീട്ടാതെ മരണപ്പെട്ടാൽ ഖളാആയ നോമ്പിനു പകരമായി അവകാശികൾ നോമ്പ് നോറ്റുവീട്ടുകയോ അനന്തര സ്വത്തിൽനിന്നു മുദ്ദ് നൽകുകയോ വേണം. നോമ്പു ഖളാആക്കി എത്ര വർഷം കഴിഞ്ഞിട്ടാണോ മരണപ്പെട്ടത് അത്രയും വർഷത്തെ എണ്ണം അനുസരിച്ച് പിന്തിച്ചതിന്റെ മുദ് നിർബന്ധമാകും. അനന്തരാവകാശികൾ നോമ്പ് ഖളാഅ് വീട്ടിയാലും വർഷങ്ങൾ പിന്തിച്ചതിന്റെ പേരിലുള്ള ഫിദ്യ ഒഴിവാകില്ല. (തുഹ്ഫ: 3/446)
കാരണം മൂലം നോമ്പ് ഖളാഅ് ആക്കിയവർ അടുത്ത റമളാനു മുമ്പ് ഖളാഅ് വീട്ടിയാൽ മതി. കാരണത്തോടെയോ അല്ലാതെയോ റമളാൻ നോമ്പ് നഷ്ടപ്പെട്ടവൻ ചിന്തിക്കാനാവശ്യമായ യാതൊരു കാരണവും കൂടാതെ അടുത്ത റമളാൻ വരെ പിന്തിച്ചാൽ നോമ്പ് ഖളാഅ് വീട്ടലോടു കൂടി പിന്തിച്ചതിന്റെ പേരിൽ ഒരു നോമ്പിനു ഒരു മുദ്ദ് വീതം ഭക്ഷ്യവസ്തു ഫിയയായി നൽകണം. പിന്തിച്ചിടുന്ന വർഷങ്ങളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് മുദ്ദിന്റെ എണ്ണം വർധിക്കും. ഉദാഹരണം, ഇരുപത് വർഷം മുമ്പുള്ള ഒരു റമളാൻ നോമ്പ് ഖളാഅ് വീട്ടുകയും ആ നോമ്പിനു മാത്രമായി ഇരുപത് മുദ്ദ് ഭക്ഷ്യവസ്തു നൽകുകയും വേണം. (തുഹ്ഫ: 3/445) റമളാൻ നോമ്പ് നഷ്ടപ്പെട്ടവൻ ഖളാഅ് വീട്ടാൻ സൗകര്യപ്പെടാതെ വർഷങ്ങൾ രോഗത്തിലായി. പിന്നീട് രോഗം സുഖപ്പെട്ടു. എങ്കിൽ സുഖപ്പെട്ട ശേഷം നോമ്പ് ഖളാഅ് വീട്ടിയാൽ മതി. വർഷങ്ങൾ പിന്തിക്കാൻ രോഗം എന്ന കാരണം ഉള്ളതുകൊണ്ട് പിന്തിച്ചതിന്റെ പേരിൽ മുദ്ദ് ആവശ്യമില്ല. (തുഹ്ഫ: 3/434) റമളാൻ നോമ്പ് ഒരാൾക്ക് കാരണം മൂലം നഷ്ടപ്പെടുകയും അതു ഖളാഅ് വീട്ടാൻ സൗകര്യപ്പെടും മുമ്പ് മരണപ്പെടുകയും ചെയ്താൽ പ്രസ്തുത നോമ്പ് ആരും വീട്ടേണ്ടതില്ല. അവകാശികൾ ഫിദ്യ നൽകേണ്ടതുമില്ല. മയ്യിത്ത് ഇതിന്റെ പേരിൽ കുറ്റക്കാരനാവുന്നില്ല. റമളാനിൽ തന്നെ മരണപ്പെടുക, അല്ലെങ്കിൽ രോഗിയായി മാറുക തുടങ്ങിയ കാരണങ്ങൾ മുഖേന ഖളാഅ് വീട്ടാൻ സൗകര്യപ്പെടാതെ വരാം. (aan: 3/434)
കാരണം കൊണ്ട് റമളാൻ നോമ്പ് നഷ്ടപ്പെടുകയും അതു ഖളാഅ് വീട്ടാൻ സൗകര്യപ്പെടുകയും ചെയ്ത ശേഷം ഖളാഅ് വീട്ടാതെ മരണപ്പെട്ടാൽ ഖളാഅ് വീട്ടാത്തതിന്റെ പേരിൽ മയ്യിത്ത് കുറ്റക്കാരനാണ്. അവന്റെ നോമ്പ് രക്ഷാകർത്താവ് നോറ്റുവീട്ടണം. നോറ്റുവീട്ടുന്നില്ലെങ്കിൽ ഫിദ്യ നൽകണം. ഒരു നോമ്പിനു ഒരു മുദ്ദ് ഭക്ഷ്യവസ്തു. ഇതുപക്ഷേ, ഖളാഇനു ശേഷം അടുത്ത റമളാൻ വരും മുമ്പ് മരണപ്പെട്ടിട്ടുണ്ടെങ്കിലാണ്. തൊട്ടടുത്ത റമളാൻ പ്രവേശിച്ച ശേഷമാണ് മരിച്ചതെങ്കിൽ ഒരു നോമ്പിന് രണ്ട് മുദ്ദ് വീതം ഭക്ഷ്യവസ്തു നൽകേണ്ടിവരും. ഒരു മുദ്ദ് നോമ്പ് നഷ്ടപ്പെട്ടതിന്റെ പേരിലും മറ്റൊന്ന് ഒരു വർഷം പിന്തിച്ചതിന്റെ പേരിലും. (തുഹ്ഫ: 3/435)
മയ്യിത്തിന്റെ നോമ്പ് രക്ഷാകർത്താവ് അനുഷ്ഠിച്ചാൽ നോമ്പിന്റെ ഫിദ്യ ഒഴിവാകും. പിന്തിച്ചതിന്റെ പേരിൽ സ്ഥിരപ്പെട്ട ഫിദ്യ ഒഴിവാകില്ല. (തുഹ്ഫ:
3/437) ശഅ്ബാൻ 30ന്റെ അന്ന് റമളാൻ ഒന്നാണെന്നു പിന്നീട് വ്യക്തമായാൽ വീട്ടൽ നിർബന്ധമാണ്. കാരണം മൂലമാണ് സംശയത്തിന്റെ ദിവസം (ശഅ്ബാൻ 30) നോമ്പ് നഷ്ടപ്പെട്ടതെങ്കിൽ വേഗത്തിൽ ഖളാഅ് വീട്ടണം.
നിയ്യത്ത് മറന്നതുമൂലം നോമ്പ് നഷ്ടപ്പെട്ടാൽ ആ നോമ്പ് സാവകാശം ഖളാഅ് വീട്ടിയാൽ മതി. സാവകാശം എന്നതിന്റെ വിവക്ഷ അടുത്ത റമളാന്റെ മുമ്പ് എന്നാണ്. (തുഹ്ഫ: ശർവാനി, ഇബ്നു ഖാസിം 3/433) ഗർഭിണിയും മുലയൂട്ടുന്നവളും അവളുടെ ശരീരത്തിന്റെ കാര്യത്തിൽ ഭയന്ന് നോമ്പ് ഒഴിവാക്കിയാൽ ഖളാഅ് വീട്ടിയാൽ മതി. സ്വയം ശരീരത്തിന്റെയും കുഞ്ഞിന്റെയും കാര്യത്തിൽ ഭയന്ന് നോമ്പ് ഒഴിവാക്കിയാലും ഖളാഅ് വീട്ടിയാൽ മാത്രം മതി. അതേസമയം കുഞ്ഞിന്റെ ബുദ്ധിമുട്ട് മാത്രം ഭയന്ന് നോമ്പ് ഒഴിവാക്കിയാൽ ഖളാഇനു പുറമെ ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം ഭക്ഷ്യവസ്തു നൽകണം. ഇരട്ടക്കുട്ടിയോ അതിലധികമോ കുട്ടികളോ ആണെങ്കിലും ഒരു മുദ്ദ് മതി. (തുഹ്ഫ,
ശർവാനി: 441
നോമ്പ് പിടിച്ചാൽ സ്വന്തം ശരീരത്തിന് ബുദ്ധിമുട്ട് വരുമെന്ന് തീരുമാനിക്കുന്നത് നീതിമാനായ ഒരു മസ്ലീം ഡോക്ടർ പറയൽ കൊണ്ടാണ് (ശർവാനി: 3/441). ഗർഭസ്ഥ ശിശുവിന്റെ കാര്യത്തിൽ ഭയന്നു നോമ്പനുഷ്ഠിക്കാത്തവളും മുലകുടിക്കുന്ന കുട്ടിയുടെ കാര്യത്തിൽ ഭയന്നു നോമ്പില്ലാത്തവളും മുദ്ദ് നൽകണം എന്നു പറഞ്ഞുവല്ലോ. പ്രസ്തുത മുദ്ദ് അവളുടെമേൽ തന്നെയാണ് നിർബന്ധം. അവളുടെ ധനത്തിൽനിന്നാണ് നൽകേണ്ടത്. (തുഹ്ഫ: ശർവാനി 3/442) ഭർത്താവിന്റെ മേൽ നിർബന്ധമില്ല.
ശമനം പ്രതീക്ഷയില്ലാത്ത രോഗം, വാർധക്യം എന്നിവ മൂലം നോമ്പനുഷ്ഠിക്കാൻ സാധിക്കാത്തവൻ ഓരോ നോമ്പിനും ഓരോ മുദ്ദ് ഭക്ഷ്യവസ്തു ഫിദ്യ നൽകുകയാണ് വേണ്ടത്. ഇത്തരക്കാർക്ക് നോമ്പല്ല നിർബന്ധം, പ്രത്യുത, മുദ്ദാണ് നിർബന്ധം.
ഓരോ ദിവസത്തിന്റെ മുദുകൾ ആ ദിവസത്തിന്റെ പകലിലോ രാത്രിയിലോ നൽകാവുന്നതാണ്. രണ്ടോ അതിലധികമോ ദിവസങ്ങൾക്കു മുമ്പ് കൊടുക്കൽ അനുവദനീയമല്ല. ഓരോ ദിവസത്തെ നോമ്പിന്റെ മുട്ടും ഓരോ ദിവസവും നിർബന്ധമാകുന്നുണ്ടെങ്കിലും ഈ മുദ്ദ് അപ്പപ്പോൾ കൊടുത്തുവിട്ടൽ നിർബന്ധമില്ല, പിന്തിപ്പിക്കാവുന്നതാണ്. പിന്തിപ്പിച്ചതിന്റെ പേരിൽ മുദ്ദ് ഖളാഅ് ആവുകയോ കുറ്റക്കാരനാവുകയോ ചെയ്യുന്നില്ല. തന്റെ മരണത്തിനു മുമ്പ് കൊടുത്തുവിട്ടിയാൽ മതി. ഓരോ നോമ്പിന്റെ ദിവസവും പൂർത്തിയാവലോടുകൂടി പ്രസ്തുത മുദ്ദ് തന്റെ ഉത്തരവാദിത്തത്തിൽ സ്ഥിരപ്പെടുന്നതാണ്.
ഈ മുട്ടുകൾ നൽകാതെ മരണപ്പെട്ടാൽ അവകാശികൾ അതു മയ്യിത്തിന്റെ സ്വത്തിൽനിന്നു നൽകൽ നിർബന്ധമാണ്. എത്ര വർഷം മുമ്പുള്ള ഫിദ്യയാണെങ്കിലും ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം മതി. വർഷങ്ങൾ കൂടുന്നതുകൊണ്ട് മുദ്ദിന്റെ എണ്ണം വർധിക്കില്ല. (ശർവാനി: 3/446)
ശമനം പ്രതീക്ഷിക്കാത്ത രോഗിയുടെ രോഗം സുഖപ്പെട്ട് ആരോഗ്യം വീണ്ടുകിട്ടിയാലും പ്രസ്തുത നോമ്പ് ഖളാഅ് വീട്ടേണ്ടതില്ല. (ശർവാനി: 446)
നോമ്പ് നിർബന്ധമായ ഒരാൾ മരിക്കുന്നതിന്റെ മൂന്നു വർഷം മുമ്പുള്ള റമളാൻ നോമ്പും തൊട്ടടുത്ത രണ്ടു വർഷത്തിലെ റമളാൻ നോമ്പും അനുഷ്ഠിക്കാത്ത വ്യക്തി മരണപ്പെട്ടാൽ ഓരോ വർഷത്തെ നോമ്പും അടുത്ത റമളാനു മുമ്പായി ഖളാഅ് വീട്ടാൻ സൗകര്യമുണ്ടായിരുന്നിട്ടും ഖളാഅ് വീട്ടാതിരുന്ന ആളാണെങ്കിൽ ആദ്യവർഷത്തെ 30 നോമ്പുകൾക്ക് പകരമായി ബന്ധുക്കൾ നോമ്പ് ഖളാഅ് വീട്ടലോ മുദ്ദോ നിർബന്ധമാകുന്നതിന്റെ പുറമെ രണ്ടുവർഷം പിന്നിട്ടതിന് 60 മുദ് കൂടി നൽകൽ നിർബന്ധമാകും. അതുപോലെ രണ്ടാം വർഷത്തിലെ നോമ്പിന് ഖളാഅ് വീട്ടലോ മുട്ടോ നിർബന്ധമായതിന് പുറമെ ഒരു വർഷം പിന്നിട്ടതിന് 30 മദ്ദ് നിർബന്ധമാകും.
മൂന്നാം വർഷത്തെ നോമ്പിന് ഖളാഅ് വീട്ടിലോ മറ്റോ മാത്രമേ നിർബന്ധമാകുന്നുള്ളൂ. നാലാമത്തെ റമളാൻ ആകുന്നതിനു മുമ്പ് മരിച്ചതന്നാണ് കാരണം. പക്ഷേ, ഖളാഅ് വീട്ടൽ നിർബന്ധമായ എണ്ണത്തേക്കാൾ കുറഞ്ഞ ദിവസങ്ങൾ മാത്രമേ നാലാമത്തെ റമളാന്റെ പിറവിക്ക് ഉള്ളതെങ്കിൽ ഖളാഅ് വീട്ടാൻ ഉദ്ദേശിക്കുന്നപക്ഷവും കുറഞ്ഞ ദിവസത്തെ നോമ്പുകൾ ഖളാഅ് വീട്ടാൻ കഴിയാതെ വരും. അപ്പോൾ ആ എണ്ണം നോമ്പുകൾ നാലാം വർഷത്തെ റമളാനു ശേഷത്തേക്ക് പിന്തിച്ചതു പോലെയായി. അതിനാൽ മൂന്നാം റമളാനിലെ എത്ര എണ്ണം നോമ്പുകൾക്ക് അത്ര മുറ്റുകൾ കൂടി പന്തിച്ചതിന്റെ പേരിൽ നിർബന്ധമായി വരുന്നു. (മുഗ്നി 1442)
ഇതുവരെ വിവരിച്ച മുട്ടുകൾ നൽകേണ്ടത് ഫഖീർ (ദരിദ്രൻ) മിസ്കീൻ (അഗതി) എന്നിവർക്കു മാത്രമാണ്. സകാത്ത് വാങ്ങാൻ അർഹതയുള്ള മറ്റു ആറുകക്ഷികൾക്ക് അവകാശമില്ല. ഈ മുദ്ദുകൾ എല്ലാം കൂടി ഒരു ഫഖീറിനു മാത്രവും നൽകാവുന്നതാണ്. ഒരാൾക്ക് നിർബന്ധമായ ഒരു മുദ്ദ് രണ്ടു പേർക്കോ ഒരു മുട്ടും മറ്റൊരു മുദ്ദിന്റെ പകുതിയും കൂടി ഒരു ഫഖീറിനോ നൽകൽ അനുവദനീയമല്ല. കാരണം ഓരോ മറ്റും പരിപൂർണമായ ഒരു ഫിദ്യയാണ്. ( തുഹ്ഫ : 3/446)
പ്രസ്തുത മുദ്ദുകൾ നാട്ടിലെ ഫഖീർ, മിസ്കീൻ എന്നിവർക്കു തന്നെ നൽകണമെന്നില്ല. മറ്റു നാട്ടിലുള്ളവർക്കും നൽകാവുന്നതാണ്. മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യൽ നിഷിദ്ധമെന്നത് സകാത്തിന്റെ പ്രത്യേകതയാണ്. കഫ്ഫാറത്തിലില്ല. (ശർവാനി: 3/446
ഒരാൾക്ക് നിർബന്ധമായി വരുന്ന എല്ലാ കഫ്ഫാറത്തും ഫിദ്യയും താൻ ചെലവ്
നൽകൽ നിർബന്ധമില്ലാത്ത ഫഖീർ, മിസ്കീനിനു നൽകണം. (തുഹ്ഫ 3/446)
ഒരു മുദ്ദ് എന്നത് 800 മില്ലി ലിറ്ററാണ്. തൂക്കം അനുസരിച്ച് കൃത്യം പറയാൻ കഴിയില്ല. അരിയുടെ വലിപ്പവും തൂക്കവും ഘനവും വ്യത്യാസപ്പെടുന്നതിനനുസരിച്ച് തൂക്കം വ്യത്യാസപ്പെടും. സുമാർ 750 ഗ്രാം വരും ഒരു മുദ്ദ്
ലൈംഗിക ബന്ധത്തിലൂടെ കൊണ്ട് റമദാൻ നോമ്പ് മുറിഞ്ഞാൽ കഫ്ഫാറത്ത് (പ്രായശ്ചിത്തം നിർബന്ധമാണ്. അതോടൊപ്പം നോമ്പ് ഖളാഅ് വീട്ടുകയും വേണം. പുരുഷനാണ് കഫ്ഫാറത്ത് നിർബന്ധമാവുക. സ്ത്രീക്കില്ല. അവൾ നോമ്പ് ഖളാഅ് വീട്ടിയാൽ മതി. മുഅ്മിനായ അടിമയെ മോചിപ്പിക്കുക, അതിനു സാധിക്കില്ലെങ്കിൽ രണ്ടുമാസം തുടരെ നോമ്പനുഷ്ഠിക്കുക, അതു സാധ്യമല്ലെങ്കിൽ 60 സാധുക്കൾക്ക് ഓരോ മുദ്ദ് വീതം ഭക്ഷണം നൽകുക എന്നതാണ് കഫ്ഫാറത്ത്. ഈ പറഞ്ഞ കഫ്ഫാറത്ത് വേഗം നിർവഹിക്കണം, പിന്തിക്കാവുന്നതല്ല. (തുഹ്ഫ: 3/452
റമളാൻ നോമ്പ് ഖളാഅ് വീട്ടുമ്പോൾ സുന്നത്ത് നോമ്പുള്ള ദിവസത്തിൽ ഖളാഅ് വീട്ടിയാൽ ഖളാഉം സുന്നത്തും കരുതിയാൽ രണ്ടിന്റെയും പ്രതിഫലം ലഭിക്കുന്നതാണ്. (ഫതാവൽ കുബ്റ: 2/75) എം.എ. ജലീൽ സഖാഫി പുല്ലാര.