വെള്ളപോക്ക് കൊണ്ട് വുളു മുറിയുമോ ? സ്ത്രീകൾക്ക് ഏകദേശം എല്ലാ ദിവസവും വരുന്ന വെളുത്ത നിറത്തിലുള്ള ദ്രാവകം മൂലം വുളൂ മുറിയുമോ?







അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

വെള്ളപോക്കിനെക്കുറിച്ചാണ് ചോദ്യം എന്ന് കരുതുന്നു. ഏതായാലും സ്ത്രീയിൽ നിന്ന് വരുന്ന സ്രവങ്ങളെക്കുറിച്ച് മൊത്തത്തിൽ ഒന്ന് വിലയിരുത്താം. ആദ്യമായി മനസ്സിലാക്കേണ്ടത് മുൻദ്വാരത്തിലൂടെയോ പിൻ ദ്വാരത്തിലൂടെയോ വല്ലതും (തടിയുള്ള വസ്തുവാണെങ്കിലും ദ്രാവകമാണെങ്കിലും കാറ്റാണെങ്കിലും) പുറത്തു വന്നാൽ വുളൂഅ് മുറിയും. ഇനി അവയിൽ ഏതാണ് നജ്സ് എതാണ് ശുദ്ധിയുളളത് എന്ന് നോക്കാം.



വെള്ള പോക്ക്, അസ്ഥി സ്രാവം, എല്ലുരുക്കം എന്നീ പേരുകളിൽ അറിയപ്പെടുന്ന മുട്ടയുടെ വെള്ള പോലേ ദിവസവും വരുന്നുണ്ടെങ്കിൽ ആ സ്രവം നജസാണ്. ആ ഭാഗം കഴുകിയാൽ ശുദ്ധിയാകും, കുളിക്കേണ്ടതില്ല. എന്നാൽ ഗർഭ പാത്രത്തിലെ അണുബാധയോ മറ്റോ മൂലം ഇതൊരു അസുഖമായി മാറുകയും സ്രവിച്ചു കൊണ്ടേയിരിക്കുകുയും ചെയ്യുന്ന സാഹചര്യമുണ്ടെങ്കിൽ അപ്പോൾ നിത്യഅശുദ്ധിക്കാരിയെപ്പോലെയാണ് നിസ്കരിക്കേണ്ടത്.



അതു പോലെ യോനിയിൽ നിന്ന് പുറപ്പെടുന്നത് മദ് യോ (വികാരമുള്ളപ്പോൾ വരുന്നത്) വദ് യോ (ക്ഷീണമുള്ളപ്പോഴോ ഭാരമുള്ളവ ചുമക്കുമ്പോഴോ ഒക്കെ വരുന്നത്) ആണെങ്കിൽ അവ രണ്ടും നജസാണ്.



എന്നാൽ ഇവ രണ്ടുമല്ലാതെ ചിലപ്പോൾ യോനിയിലെ നനവ് എന്ന രീതിയിൽ ചെറിയ രൂപത്തിൽ വെള്ളം ഒലിക്കാറുണ്ട്. അത് മൂന്ന് വിധമാണ്. ഒന്ന് മനോഹരിക്കുന്ന സമയത്ത് കഴുകാൻ കഴിയുന്ന ഭാഗത്ത് നിന്ന് അഥവാ ഇരിക്കമ്പോൾ വ്യക്തമാകുന്ന ഭാഗത്ത് നിന്ന് ഉണ്ടായിട്ട് വരുന്ന ദ്രാവകം. അത് ഉറപ്പായും ശുദ്ധിയുള്ളതാണ്. രണ്ട്. പുരുഷ ലിംഗം യോനിയിൽ എത്തുന്നതിന്റേയും അപ്പുറത്ത് നിന്ന് ഉണ്ടായി വരുന്ന ദ്രാവകം. അത് ഉറപ്പായും നജസാണ്. മൂന്ന്. മുകളിൽ പറയപ്പെട്ട രണ്ട് സ്ഥലത്തിന്റേയും ഇടയിലുള്ള ഭാഗത്ത് നിന്ന് ഉണ്ടായി വരുന്ന ദ്രാവകം.



ഇത് പ്രബലമായ അഭിപ്രായത്തിൽ ശുദ്ധിയുള്ളതാണ്. (തുഹ്ഫ, ഇആനതുത്വാലിബീൻ). ഇതിലേതാണ് വരുന്നത് എന്ന് സ്ത്രീകൾക്ക് അറിയാൻ സാധിക്കും. ഇതിൽ ഒന്നാമതോ മൂന്നാമതോ പറയപ്പെട്ട ഭാഗത്തു നിന്നു വരുന്നതാണെങ്കിൽ അവ ശുദ്ധിയുള്ളതാണ്. അതിനാൽ അതോടു കൂടി നിസ്കരിച്ചാൽ ശരിയാകും. മടക്കേണ്ട പ്രശ്നം ഉദിക്കുന്നില്ല. എന്നാൽ രണ്ടാമത് പറയപ്പെട്ട ഭാഗത്തു നിന്നുള്ളതാണെങ്കിൽ അല്ലെങ്കിൽ വദ്യോ മദ്യോ ഒക്കെ ആണെങ്കിൽ അവ നജസാണ്. ആ അവസ്ഥയിൽ നിസ്കരിച്ച നിസ്കാരങ്ങൾ ഖളാഅ് വീട്ടൽ നിർബ്ബന്ധമാണ്.



കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടെ.

Subscribe to get more videos :