1. പ്രായപൂര്‍ത്തിയും ബുദ്ധിയും ആരോഗ്യവുമുള്ള എല്ലാ മുസ്‌ലിമിനും റമളാന്‍ നോമ്പ് നിര്‍ബന്ധമാണ്.
2. നോമ്പിന്റെ ഫർളുകൾ - നിർബന്ധ ഘടകങ്ങൾ 1.നിയ്യത്ത്, 2.നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കലാണ്.
3. നോമ്പ് മുറിയുന്ന കാര്യങ്ങൾ :
1. സംയോഗം.
2. ഉണ്ടാക്കി ഛര്‍ദ്ദിക്കല്‍,
3. തടിയുള്ള വല്ല വസ്തുവും ഉള്ളില്‍ പ്രവേശിക്കല്‍,
4. ആര്‍ത്തവ രക്തം പ്രസവ രക്തം എന്നിവ പുറപ്പെടലും പ്രസവിക്കലും,
5 . തൊട്ടാല്‍ വുളു മുറിയുന്ന സ്ഥലം മറകൂടാതെ തൊട്ടു കൊണ്ടോ കൂടെക്കിടന്നോ മറ്റോ ഇന്ദ്രിയം സ്ഖലിപ്പിക്കല്‍,
6 . ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകല്‍.
4. ആര്‍ത്തവ രക്തം, പ്രസവ രക്തം എന്നിവ സ്രവിച്ച്കൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്ക് നിസ്കാരം പോലെ നോമ്പും നിര്‍ബന്ധമില്ല. ആ സമയങ്ങളിൽ നോമ്പ് നോക്കൽ ഹറാമാണ്. ശുദ്ധീകരണത്തിന് ശേഷം അവര്‍ നോമ്പ് ഖളാഅ വിട്ടേണ്ടതാണ്. ഫർളു നോമ്പിന്റെ രാത്രിയിൽ ഹൈള് - ആർത്തവം - അവസാനിച്ചു. എന്നാൽ കുളിക്കാതെ നിയ്യത്തു ചെയ്തു, പിറ്റേദിവസത്തെ നോമ്പിൽ പ്രവേശിക്കാം. തുഹ്ഫ 1-392. നിസ്കാരത്തിനു വേണ്ടി കുളിച്ചാൽ മതി. രക്തം പുറപ്പെട്ടത് നോമ്പുള്ളപ്പോഴാണെങ്കിൽ ആ നോമ്പ് ബാത്വിലാകും പ്രഭാതത്തിനു മുമ്പ് രക്തസ്രാവം നിന്നാൽ ഉടനെ നോമ്പ് അനുഷ്ടിക്കണം. കുളി പ്രഭാതശേഷമായാലും മതി.
5. നോമ്പെടുത്താല്‍ അധികമാവാൻ സാധ്യതയുള്ള രോഗം നോമ്പുപേക്ഷിക്കാന്‍ കാരണമാണെങ്കിലും അക്കാരണത്താല്‍ മുന്‍കൂട്ടി അത്താഴവും നിയ്യത്തുമെല്ലാം ഒഴിവാക്കുന്ന സ്വഭാവം ശരിയല്ല, അനുവദനീയവുമല്ല. അങ്ങനെയുള്ളവർ രാത്രി സമയത്ത് തന്നെ നിയ്യത്ത് ചെയ്ത് നോമ്പില്‍ പ്രവേശിച്ച്, പ്രയാസം നേരിടുമ്പോള്‍ മാത്രമേ നോമ്പ് മുറിക്കുവാൻ പാടുള്ളൂ.
6. ചൂട് അധികമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍, കടല്‍ ജോലിക്കാര്‍, ഇവരെല്ലാം രാത്രി നിയ്യത്ത് ചെയ്ത് നോമ്പില്‍ പ്രവേശിക്കല്‍ നിര്‍ബന്ധമാണ്. അസഹനീയമായ വിഷമം നേരിടുമ്പോള്‍ നോമ്പ് ഒഴിവാക്കാവുന്നതാണ്. പരമാവധി പിടിച്ച് നിന്ന് പുണ്യം നേടലാണ് ഉത്തമം.
7. ഹലാലായ ദീർഘ യാത്ര (ഏകദേശം 130 കി മീ) നടത്തുന്ന ആർക്കും നോമ്പ് ഉപേക്ഷിക്കാവുന്നതാണ്. പിന്നീട് ഖളാ വീട്ടൽ നിർബന്ധം. പ്രയാസമില്ലെങ്കിൽ യാത്രയിലും നോമ്പ് തുടരുന്നതാണ് നല്ലത്.
8. രാത്രി സംയോഗത്തിലേർപ്പെട്ട് പ്രഭാതം വരെ കുളിക്കാതിരിക്കുന്നത് നോമ്പിനു തടസ്സമല്ല. സുബ്‌ഹി നിസ്ക്കാരത്തിനു ഏതായാലും കുളി നിർബന്ധമാണല്ലോ!
9. കുട്ടിക്ക് നോമ്പ് നിർബന്ധമില്ലെങ്കിലും ഏഴ് വയസ്സായായാൽ നോമ്പ് എടുക്കാൻ കൽപ്പിക്കലും പ്രേരിപ്പിക്കലും രക്ഷിതാക്കൾക്ക് കടമയാണ്. പത്ത് വയസ്സായിട്ടും നോൽക്കുന്നില്ലെങ്കിൽ അടിക്കുകയും വേണം. ചെറുപ്പത്തിൽ തന്നെ കാൽ നോമ്പ്, അര നോമ്പ് ഇങ്ങനെ എടുത്ത് ശീലിപ്പിക്കുകയും വേണം.
10. ഭ്രാന്തനു നോമ്പ് നിർബന്ധമില്ല. ദിവസം മുഴുവൻ മസ്തായവന്റെയും ബോധക്കേടായവന്റെയും നോമ്പ് സാധുവാകുന്നതല്ല. പകലിൽ ഏതെങ്കിലും ഒരു നിമിഷം ബോധം തെളിഞ്ഞാൽ, നിയ്യത്തും മറ്റും രാത്രി ഉണ്ടായിട്ടുണ്ടെങ്കിൽ നോമ്പ് സാധുവാകും.
11. നോമ്പെടുക്കാൻ കഴിയാത്ത വാർദ്ധക്യം, സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം എന്നിവയുള്ളവർക്ക് നോമ്പ് നിർബന്ധമില്ല. അവർ ഓരോ നോമ്പിനു പകരം ഒരു മുദ്ദ് വീതം (650 ഗ്രാം / 800മി.ലി) ഭക്ഷ്യധാന്യം ദരിദ്രർക്ക് നൽകേണ്ടതാണ്. ഓരോദിവസവും അന്നത്തെ മുദ്ദ് നൽകലാണുത്തമം.
12. ഗർഭിണിക്കും മുലയൂട്ടുന്നവർക്കും സ്വന്തം ശരീരത്തിനോ കുട്ടിക്കോ രണ്ടിനും കൂടിയോ അസഹ്യമായ ബുദ്ധിമുട്ടുണ്ടാകുമെന്ന് ബോദ്ധ്യപ്പെട്ടാൽ നോമ്പ് ഉപേക്ഷിച്ച്, പിന്നീട് ഖളാഅ വീട്ടണം. കുട്ടിയുടെ കാര്യം പരിഗണിച്ച് മാത്രമാണ് നോമ്പ് ഉപേക്ഷിച്ചതെങ്കിൽ ഖളാഅ് വീട്ടുന്നതിനു പുറമെ ഓരോ നോമ്പിനും ഓരോ മുദ്ദും നൽകണം.
13. കാരണം കൂടാതെ നഷ്ടപ്പെട്ട നോമ്പ് വേഗം ഖളാഅ് വീട്ടൽ നിർബന്ധം. റമളാനിൽ നഷ്ടപ്പെട്ട നോമ്പ്, അനുഷ്ഠിക്കാൻ സൗകര്യമുണ്ടായിട്ടും അടുത്ത റമളാൻ വരെ പിന്തിച്ചാൽ ഖളാഅ് വീട്ടുന്നതോടൊപ്പം ഓരോ ദിവസത്തിനും ഓരോ മുദ്ദ് ഭക്ഷ്യധാന്യം (800 മി.ലി.) വീതം നൽകൽ നിർബന്ധമാണ്. റമളാനുകൾ ആവർത്തിക്കുന്നതനുസരിച്ച് മുദ്ദിന്റെ എണ്ണവും കൂടിക്കൊണ്ടിരിക്കും.
14. അതിക്രമമായി നോമ്പ് മുറിച്ചവൻ, രാത്രി നിയ്യത്ത് ചെയ്യാൻ മറന്നവൻ, സംശയ ദിവസം ഭക്ഷണം കഴിക്കുകയും എന്നാൽ പ്രസ്തുത ദിവസം റമളാനിൽ പെട്ടതാണെന്ന് വ്യക്തമാവുകയും ചെയ്തവൻ, മുർതദ്ദായ ശേഷം ഇസ്‌ലാമിലേക്ക് തിരിച്ചു വന്നവൻ, സംശയ ദിവസം നോമ്പില്ലാതെ പ്രഭാതമായവൻ പിന്നീട് റമളാനായ വിവരമറിഞ്ഞാൽ - മുകളിൽ പറയപ്പെട്ടവർ നോമ്പുകാരനെ പോലെ പൂർണ്ണമായും അന്നപാനീയങ്ങളും മറ്റും വെടിഞ്ഞ് 'ഇംസാക്ക്' ചെയ്യൽ നിർബന്ധമാണ്. നോമ്പ് പിന്നീട് ഖളാ വീട്ടണം.
15. റമളാൻ നോമ്പിനു മാത്രമേ ഇംസാക്ക് നിർബന്ധം ഉള്ളൂ. റമളാനിന്റെ ആദരവ് മാനിക്കാനാണിത്. സുന്നത്തു നോമ്പുകളിലോ മറ്റു നിർബന്ധ നോമ്പുകളിലോ റമളാൻ നോമ്പുതന്നെ മറ്റു സമയത്ത് ഖളാഅ് വീട്ടുമ്പോഴോ ഇംസാക്ക് ഇല്ല. മറ്റു നിർബന്ധ നോമ്പുകൾ നഷ്ടപ്പെടുത്തിയാൽ പ്രായശ്ചിത്തവും നിർബന്ധമില്ല. (തുഹ്ഫ).
16. റമളാൻ നോമ്പ് നഷ്ടമായാൽ അടുത്ത റമളാനിനു മുമ്പ് അത് ഖളാഅ് വീട്ടേണ്ടതാണ്. വീട്ടാതെപിന്തിച്ചു കൊണ്ട് പോയാൽ നഷ്ടപ്പെട്ടവ ഖളാഅ് വീട്ടുന്നതിനു പുറമെ മുദ്ദുണ്ടെങ്കിൽ ആ മുദ്ദും പിന്തിച്ച വർഷങ്ങൾക്ക് (ഓരോ നോമ്പിനും ഒരു വർഷത്തിനു ഒരു മുദ്ദ് എന്ന തോതിൽ) അത്രയും എണ്ണം മുദ്ദും വിതരണം ചെയ്യേണ്ടി വരും. പ്രായശ്ചിത്തങ്ങൾ വീട്ടാതെ മരിച്ച് പോയവരുടെ അവകാശികൾ അവ യഥാവിധി വീട്ടി ബാദ്ധ്യത തീർക്കേണ്ടതാണ്.
17. നോമ്പ് ഖളാ ഉള്ളവർ മരണപ്പെട്ടാൽ അവർക്ക് സമ്പത്തുണ്ടെങ്കിൽ അത് ഓഹരിചെയ്യും മുമ്പായി ഖളാഅ് വീട്ടാൻ അവസരമൊരുക്കുകയോ (ബന്ധപ്പെട്ടവർ നോറ്റ് വീട്ടുകയോ) സ്വത്തുപയോഗിച്ച് ആവശ്യമായ മുദ്ദ് വിതരണം ചെയ്യുകയോ ചെയ്യേണ്ടതാണ്. നോമ്പ് നോൽക്കാൻ സൗകര്യപ്പെട്ട ശേഷം മരണപ്പെട്ടയാളെത്തൊട്ടു ബന്ധുക്കൾ നോമ്പനുഷ്ടിച്ചു വീട്ടണമെന്നില്ല. ഓരോ നോമ്പിനും ഓരോ മുദ്ദുവീതം ഭക്ഷണം നൽകലാണ് നോമ്പു നോറ്റു വീട്ടുന്നതിനേക്കാൾ ശ്രേഷ്‌ഠം. ബന്ധുക്കൾ നോൽക്കുന്നതു കൊണ്ടും ബാധ്യത വീടുമെന്നാണ് ശാഫിഈ മദ്‌ഹബിലെ പ്രബലാഭിപ്രായം. (തുഹ്ഫ 3-437).
18. പരദൂഷണം , ഏഷണി, വഞ്ചന,അസൂയ, അഹങ്കാരം, വ്യഭിചാരം തുടങ്ങിയവയിൽ നിന്ന് അവയവങ്ങളെ കാത്തു സൂക്ഷിക്കേ ണ്ടത് ഓരോ വ്യക്തിയുടെയും കർത്തവ്യമാണ്. ചീത്ത പറയൽ, പരദൂഷണം, കളവ് തുടങ്ങിയ നാവ് കൊണ്ടുള്ള എല്ലാ കുറ്റ കൃത്യങ്ങളിൽ നിന്നും നോമ്പ്കാരൻ ഒഴിവായി നിൽക്കണം. നോമ്പിന്റെ പ്രതിഫലത്തെ അത് ഇല്ലാതാക്കും. നോമ്പ് നിഷ്ഫലമാകുമെന്ന് പറഞ്ഞ പണ്ഡിതരുമുണ്ട്. അത്തരക്കാരുടെ നോമ്പ് അല്ലാഹുവിന്ന് ആവശ്യമില്ലെന്ന് ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം. വിശിഷ്യാ റമളാന്റെ ദിന രാത്രങ്ങൾ പ്രസ്തുത നിയന്ത്രണത്തിനുള്ള പരിശീലന വേളയാക്കേണ്ടതുണ്ട്. ആയതിനാൽ റമളാനിന്റെ നാളുകളിൽ പ്രത്യേകിച്ചും അല്ലാത്ത അവസരങ്ങളിലും നാവിനെയും മറ്റ് അവയവങ്ങളെയും നിയന്ത്രിക്കുന്നത് നമ്മുടെ പാരത്രിക ഗുണത്തിനും ഒരു പരിധിവരെ ഐഹികമായ രക്ഷക്കും നല്ലതാണ് " അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നവർ ഒന്നുകിൽ നല്ലത് പറയട്ടെ, അല്ലെങ്കിൽ മൗനമവലംബിക്കട്ടെ" എന്ന പ്രവാചകാധ്യാപനവും മൗനം വിദ്വാനു ഭൂഷണം എന്ന മഹത് വചനവും പ്രത്യേകം ഓർമയുണ്ടാവട്ടെ.
19. രാത്രിയുടെ അവസാനത്തിൽ അത്താഴം കഴിക്കുക, എല്ലാദിവസവും മഗ്‌രിബിനു ശേഷം കുളിക്കുക, വലിയ അശുദ്ധിയുള്ളവർ ഫജ്‌റിന്നു മുമ്പ് കുളിച്ച് ശുദ്ധിയാവുക, അത്താഴ സമയത്ത് സുഗന്ധം പുരട്ടുക, പകലിൽ സുറുമ സുഗന്ധം പോലുള്ളവ ഉപേക്ഷിക്കുക,(നോമ്പ്കാരനു പകൽ സമയത്ത് ആരെങ്കിലും സുഗന്ധം നൽകിയാൽ അത് നിരസിക്കാവുന്നതാണ്. അല്ലാത്ത സമയത്ത് സുഗന്ധം നിരസിക്കൽ കറാഹത്താണ്) വൈകാരിക ചിന്തയിൽ നിന്ന് വിട്ട് നിൽക്കുക, നിശിദ്ധകാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കുക,സൂര്യാസ്തമയം ഉറപ്പായാൽ ഉടൻ നോമ്പ് തുറക്കുക,ഈത്തപ്പഴം കാരക്ക വെള്ളം ഇവയിൽ ഒന്നു കൊണ്ട് നോമ്പ് തുറക്കുക (ഏറ്റവും നല്ലത് ഈത്തപ്പഴമാണ്. ഇല്ലെങ്കിൽ കാരക്ക.അതുമില്ലെങ്കിൽ വെള്ളം എന്നിങ്ങനെയാണ് ക്രമം. സംസം വെള്ളത്തേക്കാൾ കാരക്ക തന്നെയാണുത്തമം) നോമ്പ് തുറന്ന ഉടനെ അല്ലാഹുവെ ഓർത്ത് അപ്പോൾ ചൊല്ലേണ്ട ദിക്‌ർ ചൊല്ലുക, ഭാര്യക്കും സന്താനങ്ങൾക്കും വിശാലത ചെയ്ത് കൊടുക്കൽ കുടുംബങ്ങൾക്കും അയൽ വാസികൾക്കും കാരുണ്യം ചെയ്തു കൊടുക്കൽ എന്നിവയെല്ലാം സുന്നത്താണ്.
20. ഉറക്ക് കൊണ്ടോ മറ്റോ വായ പകർച്ചയായിട്ടില്ലെങ്കിൽ ഉച്ചക്ക് ശേഷം മിസ്‌വാക്ക് ചെയ്യുക, വല്ല വസ്തുക്കളും വായിലിട്ട് ചവക്കുക,ഭക്ഷണത്തിന്റെയോ മറ്റോ രുചി നോക്കുക, പകൽ സുഗന്ധം പൂശുക, വെള്ളത്തിൽ മുങ്ങിക്കുളിക്കുക, അമിതമായി വായിൽ വെള്ളം കൊപ്ലിക്കുക, അമിതമായി മൂക്കിൽ വെള്ളം കയറ്റി ചീറ്റുക, വികാരത്തോടെ ഭാര്യയെ സ്പർശിക്കുക. തുടങ്ങിയ കാര്യങ്ങൾ വർജ്ജിക്കുക.
21. സംഭോഗം കൊണ്ട് റമളാന്‍ വ്രതം ബാത്വിലാക്കിയവന്‍ ആ നോമ്പ് ഖളാഅ് വീട്ടുന്നതോടൊപ്പം പ്രായശ്ചിത്തം (കഫ്ഫാറത്ത്) നല്‍കുകയും വേണം. സത്യ വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുക, അതിനു സാധ്യമല്ലെങ്കില്‍ രണ്ടു മാസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുക, വാര്‍ധക്യം, രോഗം എന്നിവ നിമിത്തം അതിനു കഴിയില്ലെങ്കില്‍ അറുപത് പാവപ്പെട്ടവര്‍ക്ക് ഒരു മുദ്ദ് വീതം ഭക്ഷണ ധാന്യം നല്‍കുക ഇതാണ് പ്രായശ്ചിത്തം. രണ്ടു മാസം നോമ്പിന്റെ തുടർച്ച മുറിഞ്ഞാൽ ആദ്യം മുതൽ തുടങ്ങണം. രോഗം, യാത്ര, നിയ്യത്ത്, മറവി എന്നീ കാരണങ്ങൾകൊണ്ട് നോമ്പ് ഇല്ലാതെയായാലും ശരി. ഭ്രാന്ത്, പെരുന്നാൾ തുടങ്ങി നോമ്പെടുക്കാൻ പറ്റാത്തതുകൊണ്ട് ക്രമം മുറിയുന്നത് കൊണ്ട് തകരാറില്ല.
22. ആര്‍ത്തവ പ്രസവ രക്തസ്രാവം, പ്രസവിക്കല്‍, ഭ്രാന്ത് ഉണ്ടാവല്‍, പകല്‍ സമയം മുഴുക്കെ ബോധക്ഷയം ഉണ്ടാവല്‍, മുര്‍ത്തദ്ദാവല്‍ എന്നിവ കൊണ്ടും നോമ്പ് മുറിയുന്നതാണ്.
23. സ്വപ്നസ്ഖലനം, ദര്‍ശനമോ ചിന്തയോ മൂലമുള്ള ഇന്ദ്രിയ സ്ഖലനം, മദ്‌യ് പുറപ്പെടല്‍, ശുദ്ധമായ കലര്‍പ്പില്ലാത്ത ഉമിനീര്‍ വിഴുങ്ങല്‍ എന്നിവ നോമ്പിനെമുറിക്കുകയില്ല.
24. ഉണ്ടാക്കി ഛര്‍ദ്ദിക്കുന്നവന്റെ വായയില്‍ നിന്ന് ഒരു വസ്തുവും ഉള്ളിലേക്ക് ഇറങ്ങിയിട്ടില്ലെന്നുറപ്പുണ്ടെങ്കിലും നോമ്പ് മുറിയും. ഉണ്ടാക്കിഛര്‍ദ്ദിച്ചുവെന്നതാണ് കാരണം. തലയുടെ ഭാഗത്ത് നിന്നോ ഉള്ളില്‍ നിന്നോ കാര്‍ക്കിച്ചെടുത്ത് പുറത്തേക്ക് തുപ്പിക്കളയുന്നത് കൊണ്ട് നോമ്പ് മുറിയുന്നതല്ല. അത് ഉണ്ടാക്കി ഛര്‍ദ്ദിക്കലല്ല.
25. പുറത്ത് വന്ന മൂലക്കുരു ഉള്ളിലേക്ക് പോകുന്നത് കൊണ്ടോ അത് ഉള്ളിലേക്ക് ആക്കാൻ വിരൽ അകത്തേക്ക് കടത്തുന്നത് കൊണ്ടോ നോമ്പിനു കുഴപ്പമില്ല. വിരലുകൾ ഉള്ളിൽ ആവശ്യമില്ലാതെ പ്രവേശിപ്പിച്ചതാണെങ്കിൽ നോമ്പ് മുറിയും.
26. സ്ത്രീ പാദമൂന്നിയിരിക്കുമ്പോൾ ഗുഹ്യസ്ഥാനത് നിന്നും വെളിവാകുന്നതിനപ്പുറത്തേക്ക് വിരലോ മറ്റോ പ്രവേശിച്ചാൽ നോമ്പ് മുറിയും.
27. അനുവദനീയമായ കളി, ഗാനം കേൾക്കൽ, നോവലുകളും കഥകളും വായിക്കൽ തുടങ്ങി അത്തരം സുഖാസ്വാദനങ്ങളെല്ലാം നോമ്പുകാരൻ ഒഴിവാക്കുകയാണു വേണ്ടത്. അതാണു സുന്നത്ത്. അത്തരം വിനോദങ്ങളിലേർപ്പെടുന്നതിന്റെ വിധി കറാഹത്തും. ശർഹു ബാഫള്‌ൽ: 2-186. മ്യൂസിക്കും കോമഡിയും മറ്റുമൊക്കെ ഹറാമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
28. റമളാനിന്റെ ആദ്യത്തെ രാത്രിയിൽ റമളാൻ മുഴുവൻ നോമ്പനുഷ്ടിക്കുന്നതായി കരുതിയാൽ എല്ലാ നോമ്പിനും ആ നിയ്യത്ത് മതിയെന്നാണ് മാലിക്കീ മദ്‌ഹബ്. നിയ്യത്ത് രാത്രിയിൽ മറന്ന ദിവസങ്ങളിൽ ഈ മദ്‌ഹബനുസരിച്ച് നോമ്പനുഷ്ടിക്കാനും നോമ്പു ലഭിക്കാനും സൗകര്യപ്പെടാൻ വേണ്ടി റമളാനിന്റെ അദ്യരാത്രി തന്നെ മാസം മു ഇമാം ഇബ്‌നുഹജർ(റ) പ്രസ്താവിച്ചിട്ടുണ്ട്. ഓരോ നോമ്പിനും പകലിന്റെ ആദ്യത്തിൽ നിയ്യത്തു മതിയെന്നാണ് ഇമാം അബൂഹനീഫയുടെ പക്ഷം. രാത്രിയിൽ നിയ്യത്തു മറന്നാൽ ഈ അഭിപ്രായം അനുകരിച്ചു കൊണ്ടു നോമ്പു നോൽക്കാനും നോമ്പു ലഭിക്കാനും വേണ്ടി മറന്ന ദിനത്തിന്റെ തുടക്കത്തിൽ അന്നു നോമ്പനുഷ്ടിക്കുന്നതായി കരുതൽ സുന്നത്താണെന്നും ഫുഖഹാഉ പ്രസ്താവിച്ചിട്ടുണ്ട്. (ഫത്‌ഹുൽ മുഈൻ). ഇങ്ങനെയൊക്കെ ആണെങ്കിലും രാത്രിയിൽ നിയ്യത് വെച്ചില്ലെങ്കിൽ നോമ്പ് ഖളാ വീട്ടേണ്ടതാണ്.
29. ഞാൻ നോമ്പുകാരനാണെന്ന് പറയുന്നത് കൊണ്ട് ലോകമാന്യം ഉണ്ടാകുമെങ്കിൽ അങ്ങനെ നാക്കുകൊണ്ടു പറയൽ സുന്നത്തില്ല. ഹദീസിൽ ചീത്ത പറയുന്നവനോട് അങ്ങനെ പറയാൻ കൽപ്പിച്ചതിന്റെ ഉദ്ദേശ്യം, സ്വന്തം ശരീരത്തെ അങ്ങനെ ഓർമ്മപ്പെടുത്തണമെന്നാണ്. തുഹ്ഫ: 3-424.
30. പ്രായപൂർത്തിയും ബുദ്ധിയുമുള്ളവർക്ക് അവർ മുസ്ലിംകളാണെങ്കിലും അമുസ്ലിംകളാണെങ്കിലും റമളാനിലെ പകലിൽ ഭക്ഷണം നൽകൽ ഹറാമാണ്. ശർവാനി: 4-37. രാത്രിയിൽ നൽകുന്നതു കൊണ്ടു കുഴപ്പമില്ല. നോമ്പു തുറക്കാനുണ്ടാക്കിയ ആഹാരം നൽകുന്നതിനും യാതൊരു കുഴപ്പവും ഇല്ല.
31. നോമ്പു തുറപ്പിച്ചതിന്റെ പ്രതിഫലം തുറക്കാനുള്ളത് നൽകിയവനും നോമ്പുകാരനു വയറു നിറച്ചു ഭക്ഷണം നൽകിയതിന്റെ പുണ്യം അതു നൽകിയവർക്കും ലഭിക്കും. രണ്ടിനും പ്രത്യേകം പ്രതിഫലവും പുണ്യവും ഉണ്ട്.
32. തൊലി തമ്മിൽ ചേരലില്ലാതെ കേവലം നോട്ടം കൊണ്ടോ ആലോചന കൊണ്ടോ ശുക്ല സ്ഖലനമുണ്ടയാൽ നോമ്പ് മുറിയുകയില്ലെന്നാണ് ശാഫിഈ മദ്‌ഹബിലെ പ്രബലാഭിപ്രായം. തുഹ്ഫ: 3-410. സ്ഖലിക്കാൻ ഉദ്ദേശിച്ചു നോക്കിയാലും വിധി മാറ്റമില്ല. എന്നാൽ വൈകാരികമായി അനുവദിക്കപ്പെട്ടവയല്ലാത്തതിലേക്ക് നോക്കൽ ഹറാമാണെന്ന കാര്യം മറക്കാതിരിക്കുക.
33. ‘ചന്ദ്രപ്പിറവിയില്‍ കണക്കവലംബമാക്കുന്നവന്‍ ശരീഅത്തില്‍ വഴിതെറ്റിയവനായത് പോലെ ദീനില്‍ പുത്തനാശയക്കാരനും കൂടിയാണ്. ഗോളശാസ്ത്ര പണ്ഡിതന്മാര്‍ തന്നെ കണക്ക് ആസ്പദമാക്കി മാസപ്പിറവി ദര്‍ശനം കൃത്യമാകില്ലെന്ന് മനസ്സിലാക്കിയവരാണ്. അവരുടെ കണക്കിന്റെ പരമാവധി അത് ശരിയായാല്‍ തന്നെ അസ്‌തമന സമയത്ത് സൂര്യന്റെയും ചന്ദ്രന്റെയും ഇടയില്‍ എത്ര ഡിഗ്രി അകല്‍ച്ചയുണ്ടെന്ന് ഗ്രഹിക്കലാണ്. പക്ഷെ ഇത് കൊണ്ടാകട്ടെ ദര്‍ശനത്തിന്റെ കാര്യം കൃത്യമാക്കാനാകില്ല. കാരണം നോക്കുന്നവന്റെ കാഴ്ചയും അവന്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ വ്യത്യാസവും അനുസരിച്ച് ദര്‍ശനം വ്യത്യാസമാകാന്‍ ന്യായമുണ്ട്. (ഫതാവാ ഇബ്‌നു തൈമിയ്യ 25-207)
34. റമളാനിൽ പ്രത്യേകം സുന്നത്തുള്ള ഒരു കർമ്മമാണ് ഇഅ്തികാഫ്.
35. വിത്‌ർ നിസ്ക്കാരം റമളാനിൽ വിശേഷപ്പെട്ട സുന്നത്താണ്.
36. റമളാനിലെ പ്രത്യേക സുന്നത്ത് നിസ്ക്കാരമാണ് തറാവീഹ്.
37. റമളാനിലെ ഫര്‍ളായ കർമത്തിന് എഴുപതിരട്ടിയാണു പ്രതിഫലം.
38. റമളാനിലെ സുന്നത്തായ കര്‍മത്തിന് ഫര്‍ളിന്റെ പ്രതിഫലം.
39. സകാത്തിന്റെ അവകാശികളായ ഫഖീർ, മിസ്‌കീൻ എന്നീ വിഭാഗത്തിൽ പെട്ടവർക്കാണ് മുദ്ദ് നൽകേണ്ടത്. അറുപത് സാധുക്കൾക്ക് തന്നെ നൽകണം. രണ്ട് കഫ്ഫാറത്തിന്റെ രണ്ട് മുദ്ദ് ഒരാൾക്ക് നൽകാം. താൻ ചിലവ് കൊടുക്കൽ നിർബന്ധമായവർക്കോ, അമുസ്‌ലിംകൾക്കോ ഹാശിമി മുത്തലിബികൾക്കോ നൽകരുത്.
40. ഒന്നിലധികം ദിവസങ്ങളിൽ സംയോഗം ചെയ്തു നോമ്പു നഷ്ടപ്പെടുത്തിയാൽ ദിവസങ്ങളുടെ എണ്ണമനുസരിച്ച് കഫ്ഫാറത്തും ഖളാഉം നിർബന്ധമാവും. ഒരുദിവസം പല തവണ സംഭോഗം ചെയ്തതുകൊണ്ട് ഒന്നു മാത്രമേ നിർബന്ധമാവുകയുള്ളൂ.
അല്ലാഹു വിശുദ്ധ റമളാനിനെ ഗുണമായി സാക്ഷി പറയുന്നവരിൽ നാമേവരേയും മാതാപിതാക്കളെയും കുടുംബത്തേയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീൻ