Wednesday, April 17, 2024

വിശ്വാസിയുടെ പത്ത് ഗുണങ്ങൾ






സത്യവിശ്വാസിയെ പരിചയപ്പെടുത്തി ഖുര്‍ആനില്‍ നിരവധി പരാമര്‍ശങ്ങളുണ്ട്. വിശുദ്ധ ഖുര്‍ആനിലെ 42-ാമത്തെ അധ്യായം സൂറത്തുശ്ശൂറായിലെ 36 മുതല്‍ 39 വരെയുള്ള സൂക്തങ്ങളില്‍ അല്ലാഹു ﷻ പരിചയപ്പെടുത്തുന്ന ഗുണങ്ങളെ കുറിച്ചാണ് ഈ കുറിപ്പ്...

ഒന്ന്: സത്യവിശ്വാസം

വിശ്വാസിക്ക് പരലോകത്ത് യാതൊരു രക്ഷയുമില്ല. ഒരു മനുഷ്യന്‍റെ ഏത് നന്മയും സ്വീകരിക്കപ്പെടുന്നതിന് അടസ്ഥാനമായി വേണ്ടത് വിശ്വാസമാണ്. അല്ലാഹുﷻവിലും അവന്‍റെ പ്രവാചകരിലും (ﷺ) വിശ്വസിച്ച് മുഅ്മിനായ ഒരാളുടെ കര്‍മ്മങ്ങള്‍ മാത്രമെ സ്വീകരിക്കപ്പെടുകയുള്ളൂ. വിശ്വാസം അടിസ്ഥാനമാണെന്നര്‍ത്ഥം. ഇത് ഖുര്‍ആനില്‍ പലേടങ്ങളിലായി പ്രസ്താവിക്കുന്നുണ്ട്.

രണ്ട്: അല്ലാഹുﷻവില്‍ ഭരമേല്‍പിക്കുക

തവക്കുല്‍ എന്ന പദമാണ് ഇതെ കുറിക്കാന്‍ അറബിയില് ‍ഉപയോഗിക്കുന്നത്. ഏത് വിഷയത്തിലും കഴിവിന്‍റെ പരമാവധി ശ്രമിച്ച് ബാക്കി അല്ലാഹുﷻവില്‍ ഭരമേല്‍പിച്ച് ശുഭപ്രതീക്ഷയോടും വിശ്വാസത്തോടും കൂടി തുടരുക. ഇതു സംബന്ധമായും നിരവധി ഖുർആനിക വചനങ്ങളും ഹദീസ് പരാമര്‍ശങ്ങളും കാണാം.

മൂന്ന്: വന്‍കുറ്റങ്ങള്‍ ഉപേക്ഷിക്കുക

അന്യനെ വധിക്കുന്നത് പോലെ കര്‍ശനമായി ശറഅ് നിരോധിച്ച ശിക്ഷാനിയമങ്ങള്‍ക്ക് വിധേയമാക്കിയ എല്ലാ കുറ്റങ്ങളും വൻകുറ്റങ്ങളില്‍ പെടും.




നാല്: നീചകൃത്യങ്ങൾ ‍ചെയ്യാതിരിക്കുക

മനുഷ്യത്വത്തിനും മാന്യതക്കും നിരക്കാത്ത കാര്യങ്ങളാണ് നീചകൃത്യങ്ങള്‍. വിശ്വാസി അതും വെടിയണം.

അഞ്ച്: മാപ്പ് ചെയ്യുക

പ്രതികാരദാഹത്തില്‍ നിന്നാണ് കോപമുണ്ടാകുന്നത്. അസഹിഷ്ണുത അതിന് കാരണമായി വര്‍ത്തിക്കുന്നു. പ്രതിയോഗിയോട് മാപ്പ് കാണിക്കുന്നത് ഒരാളുടെ മാനസിക വിശാലതയെ സൂചിപ്പിക്കുന്നു.

ഇമാം ബുഖാരിയും (റ) മുസ്‌ലിമും (റ) ഉദ്ധരിച്ച ഒരു ഹദീസില്‍ കാണാം: ഗുസ്തി പിടിച്ച് അപരനെ കീഴ്പ്പെടുത്തന്നവനല്ല ശക്തന്‍; മറിച്ച് ദേഷ്യം വരുമ്പോള്‍ തന്‍റെ മനസ്സിനെ നിയന്ത്രിക്കുന്നവനാണ്.

ആറ്: അല്ലാഹുﷻവിന് ഉത്തരം ചെയ്യുക

അല്ലാഹുﷻവും അവന്‍റെ റസൂലും (ﷺ) ആവശ്യപ്പെട്ട ഏത് കാര്യവും ഒരു മടിയും കൂടാതെ അനുഷ്ഠിക്കുക എന്നര്‍ത്ഥം. അതില് ‍വരുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ തത്കാലം ദൈവപ്രീതിക്കായി സഹിക്കാൻ ‍കഴിയുന്നവര്‍ക്കേ അത് ചെയ്യാനാകൂ.

ഏഴ്: പരസ്പര കൂടിയാലോചന

ഭരണപരമായും മറ്റുമുള്ള കൂടിയാലോചനയെ കുറിച്ചാണ് പ്രധാനമായും ഇത് സൂചിപ്പിക്കുന്നത്. പൊതുകാര്യങ്ങള്‍ ചെയ്യുമ്പോള്‍ പരസ്പരം കൂടിയാലോചിച്ച് ചെയ്യുക വിശ്വാസിയുടെ പ്രധാനപ്പെട്ട സ്വഭാവമാണ്. തനിക്കും പൊതുസമൂഹത്തിനും നന്മ കാംക്ഷിക്കുന്ന ഒരാളുമായി മാത്രമെ ആരും കൂടിയാലോചന നടത്തൂ. അതായത് അന്യന് ഗുണം മാത്രം കാംക്ഷിക്കുന്നവരായിരിക്കണം വിശ്വാസി എന്ന മറ്റൊരു സ്വഭാവം കൂടി ഇപ്പറഞ്ഞതിനകത്ത് ഒളിഞ്ഞിരിപ്പുണ്ട്.




പൊതുകാര്യങ്ങളില്‍ മറ്റുള്ളവരുമായി കൂടിയാലോചന നടത്താതെ ഭരണാധികാരി പോലും സ്വയം തീരുമാനമെടുത്തുകൂടെന്നാണ് മതം ആവശ്യപ്പെടുന്നത്. അതിന് ഉപോദ്ബലകമായി നിരവധി ഉദാഹരണങ്ങൾ ‍ഇസ്ലാമിക ചരിത്രത്തില്‍ പലേടത്തും കാണാനാകും.

എന്തിന്, വഹ്‌യ് നേരിട്ടു ലഭിച്ചിരുന്നിട്ട് പോലും പുണ്യനബി ﷺ പല കാര്യങ്ങളും അവിടത്തെ അനുചരന്മാരോട് കൂടിയാലോചന നടത്തിയിരുന്നതായി കാണാം.

എട്ട്: സമ്പത്തിൽ നിന്ന് ചെലവഴിക്കുക

അല്ലാഹു ﷻ സൃഷ്ടികൾക്കായി പ്രദാനം ചെയ്തതാണ് ഈ ലോകവും അതിലെ ചരാചരങ്ങളകിലവും. സൃഷ്ടി വാരിക്കൂട്ടിയതില്‍ നിന്ന് സന്ദര്‍ഭോചിതമായി ചെലവഴിക്കണമെന്നാണ് ഈ വിശേഷണം ആവശ്യപ്പെടുന്നത്. ധാര്‍മികമായ ഏത് കാര്യത്തിലും ചെലവഴിക്കുന്നതിനെ ഈ ഗണത്തിൽ ‍പെടുത്താനാകും.

ഒമ്പത്: അന്യരില്‍ നിന്ന് പ്രതികാരം നേരിട്ടാല്‍ സ്വയം രക്ഷാനടപടി സ്വീകരിക്കല്‍.

ജിഹാദിന് സാധ്യതയുള്ള പരിസരത്തോടാണ് ഈ ആയത്ത് സംവദിക്കുന്നത്. ഇതൊരിക്കലും നേരത്തെ പറഞ്ഞ മാപ്പു ചെയ്യുക എന്ന വിശേഷണത്തോട് എതിരാകുന്നില്ല. കാരണം രണ്ടിന്‍റെയും സന്ദര്‍ഭങ്ങള്‍ വ്യത്യസ്തമാകാം. എന്ന് മാത്രമല്ല, മക്കാവിജയത്തിന് ശേഷം അവിടെ കൂടിയിരുന്നവര്‍ക്കെല്ലാം മാപ്പ് ചെയ്യുക തന്നെയായിരുന്നല്ലോ നബി ﷺ ചെയ്തത്.

പത്ത്: നിസ്കാരം മുറപ്രകാരം അനുഷ്ഠിക്കുക

വിശുദ്ധ ഖുര്‍ആനില്‍ വിശ്വാസിയെ പരിചയപ്പെടുത്തുന്ന മിക്കവാറുമിടങ്ങളിലെല്ലാം നിസ്കാരത്തെ കുറിച്ചുള്ള പരാമര്‍ശം കാണാം.

അല്ലാഹു അഅ്ലം

اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه 




Subscribe to get more videos :