Tuesday, April 16, 2024
ഖദീജ (റ)
ഖദീജ ബീവി(റ)ക്ക് ഇസ്ലാമിക ചരിത്രത്തിൽ അതിമഹത്തായ സ്ഥാനമുണ്ട്.
നബിതിരുമേനി(സ്വ)യുടെ പ്രഥമ ഭാര്യയായിരുന്നു അവർ. നബിതിരുമേനി(സ്വ)ക്ക് അല്ലാഹു പ്രവാചകത്വം-നുബുവ്വത്ത്- നൽകിയപ്പോൾ ഏറ്റവും ആദ്യം അത് അംഗീകരിച്ചതും ഹസ്രത്ത് ഖദീജ ബീവി (റ) ആയിരുന്നു.
നബിതിരു മേനി(സ്വ)യും ഖദീജ ബീവി(റ)യും തമ്മിൽ അഗാധമായ സ്നേഹബന്ധമാണുണ്ടായിരുന്നത്. ഹസ്രത്ത് ഖദീജ(റ) ജീവിച്ചിരിക്കുന്നേടത്തോളം കാലം നബിതിരു മേനി(സ്വ) വേറെ വിവാഹം ചെയ്യുകയുണ്ടായില്ല.
ഖദീജാബീവി(റ) വഫാത്തായപ്പോൾ നബി(സ്വ) ജീവിതാന്ത്യംവരെയും അവരൊന്നിച്ചുള്ള ദാമ്പത്യജീവിതത്തെക്കുറിച്ച് ഓർത്തുകൊണ്ടിരുന്നു.
നബി തിരുമേനി(സ്വ) ക്ക് പതിനൊന്ന് ഭാര്യമാരുണ്ടായിരുന്നു. എന്നാൽ ഖദീജാബീവി(റ)യിൽ മാത്രമാണവർക്ക് മക്കളുണ്ടായിട്ടുള്ളത്.
ഖിബീഥി വംശജയായ മാരിയഃ എന്ന ദാസിയിൽ ഇബ്രാഹീം എന്ന കുഞ്ഞുണ്ടായെങ്കിലും ആ കുഞ്ഞ് ചെറുപ്പത്തിൽ തന്നെ മരണമടഞ്ഞുപോയി.
ഇസ്ലാമിന്റെ ആരംഭകാലം നബി(സ്വ) യെ സംബന്ധിച്ചിടത്തോളം വിഷമം പിടിച്ച കാലഘട്ടമായിരുന്നു. ഖദീജബീവി(റ)യുടെ ആത്മാർത്ഥപൂർണ്ണമായ സഹായസഹകരണങ്ങളും സാമ്പത്തികമായ ഒത്താശകളും ഒട്ടൊന്നുമല്ല നബി(സ്വ)ക്ക് താങ്ങും തണലുമായിത്തീർന്നത്.
ബീവിഖദീജ(റ) നബിതിരുമേനി (സ്വ)ക്ക് വേണ്ടി ഒട്ടേറെ പ്രയാസങ്ങൾ സന്തോഷപൂർവ്വം സഹിക്കുകയുണ്ടായി.
ഖുവൈലിദ് ആണ് ബീവിഖദീജ(റ) യുടെ പിതാവ്. ഖുസയ്യിന്റെ പുത്രൻ അബ്ദുൽ ഉസ്സായുടെ പുത്രൻ അസദിന്റെ പുത്രനാണ് ഖുവൈലിദ്.
അങ്ങനെ നബി തിരുമേനി(സ്വ)യുടെയും ബീവി ഖദീജ(റ)യുടെയും കുടുംബപരമ്പര ഖുസയ്യില്‍ ഒത്തുചേരുന്നു. സാഇദയുടെ പുത്രി ഫാത്വിമയാണ് ബീവിഖദീജ(റ)യുടെ മാതാവ്.
ക്രിസ്‌താബ്ദം 556-ൽ മക്കയിലാണവർ ജനിച്ചത്.
ഖദീജാബീവി വലുതായപ്പോൾ അവരുടെ പിതൃവ്യപുത്രൻ. വറഖത്തുബ്‌നു നൗഫൽ എന്ന ഒരാൾക്ക് അവരെ വിവാഹം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു.
പിന്നീട് വിഗ്രഹാരാധന ഉപേക്ഷിച്ച് ക്രിസ്‌തുമതം സ്വീകരിച്ച ആളാണീ വറഖത്ത്. പക്ഷെ ഈ വിവാഹം എന്തുകൊണ്ടോ നടന്നില്ല.
ബീവി ഖദീജയുടെ ആദ്യവിവാഹം അബുഹാലഃ എന്ന ഒരു വ്യക്തിയുമായിട്ടായിരുന്നു. ഇതിൽ രണ്ട് ആൺകുട്ടികളുണ്ടായി ആദ്യത്തെ കുട്ടിയുടെ പേര് ഹിന്ത്.
രണ്ടാമത്തെകുട്ടിയിടെ പേര് ആദ്യത്തെകുട്ടിയുമായി ചേർത്ത് പലരും ഉമ്മുഹിന്ത് എന്നവരെ വിളിച്ചിരുന്നു. അധികം താമസിയാതെ അബുഹാല മരിച്ചു. ബീവി ഖദീജ യുവത്വത്തിൽ തന്നെ വിധവയായിത്തീർന്നു.
പിന്നീടവരെ അത്വീഖുബ്നു ആദ് മഖ്സുമി എന്ന ഒരാൾ വിവാഹം ചെയ്തു. പക്ഷെ, അത്വീഖും പെട്ടെന്ന് മരണമടഞ്ഞു. മൂന്നാമതായി അവരെ വിവാഹം ചെയ്ത സ്വഫിയ്യുബ്‌നു ഉമയ്യയും അധികകാലം ജീവിച്ചിരുന്നില്ല.
ഭർത്താക്കൻമാരുടെ മരണം കനത്ത ആഘാതമാണവരുടെ മനസ്സിൽ ഉണ്ടാക്കിയത്. ഭൗതികമായ ബന്ധങ്ങളിൽ നിന്നെല്ലാം അവർ മാനസികമായി അകന്നു.
ഇനി വിവാഹം ചെയ്യേണ്ടതില്ലെന്നും ഈ നിലക്ക് ജീവിച്ചാൽ മതിയെന്നും അവർ തീരുമാനിച്ചു. ഉന്നതന്മാരായ പല വ്യക്തികളും അവരെ വിവാഹം ചെയ്യാൻ തയ്യാറായി വന്നെങ്കിലും അതെല്ലാം അവർ നിരസിക്കുകയാണുണ്ടായത്.
ഇവിടെ ഒരു കാര്യം പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു, സമ്പന്നതയുടെ മടിത്തട്ടിൽ അനാശാസ്യമായ അന്തരീക്ഷത്തിൽ വളർന്ന്, ചെറുപ്പത്തിലെ വൈധവ്യം ബാധിച്ച് ഏകയായി ജീവിക്കേണ്ടി വന്ന ആരോഗ്യദൃഢഗാത്രയായ ഒരു സ്ത്രീയായിരുന്നു ബീവി ഖദീജ.
പർദ്ദയാചരിക്കുന്ന സമ്പ്രദായം അന്നുണ്ടായിരുന്നില്ല. പുരുഷൻമാരുമായി സംസാരിക്കാനും ഇടപഴകാനും നിർബന്ധിതയായിത്തീർന്നിരുന്നു. വഴിതെറ്റിപ്പോകാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നു.
എങ്കിലും തന്റെ ചാരിത്യവും പാതിവ്രത്യവും കാത്തുസൂക്ഷിക്കുന്നതിൽ അവർ അങ്ങേയറ്റം ശ്രദ്ധിച്ചു. അതുകൊണ്ടു തന്നെ അവരെ എല്ലാവരും ത്വാഹിറ - പരിശുദ്ധ എന്നാണ് സംബോധന ചെയ്‌തിരുന്നത്.
ബീവി ഖദീജ (റ)യുടെ പിതാവ് ഖുവൈലിദ്. മറ്റു ഖുറൈശീ നേതാക്കളെപ്പോലെ ഒരു കച്ചവടക്കാരനായിരുന്നു. ബീവി ഖദീജ കച്ചവടത്തിൽ തൻ്റെ പിതാവിനെ സഹായിക്കാൻ തുടങ്ങി.
ബുദ്ധിമതിയും ദീർഘദൃഷ്ടിക്കും എല്ലാ സൽസ്വഭാവങ്ങളുടെയും ഉടമയും ആയിരുന്നു ബീവിഖദീജ.
അതുകൊണ്ട് തന്നെ അവരുടെ കച്ചവടം നാൾക്കുനാൾ അഭിവൃദ്ധിപ്പെട്ടുവന്നു. ബീവിഖദീജ അറേബ്യയിലെ ഏറ്റവും വലിയ പണക്കാരിയായിത്തീർന്നു.
ആരോഗ്യ ദൃഢഗാത്രരും വിശ്വസ്തരും ഊർജ്ജസ്വലരുമായ ആളുകൾ മുഖേന ചരക്കുകൾ സിറിയയിലും യമനിലും മറ്റും കൊണ്ട് പോയി വിൽപ്പന നടത്തുകയാണ് ചെയ്തിരുന്നത്. തൊഴിലാളികൾക്ക് കൂലിയോ കമ്മീഷനോ കൊടുക്കും.
വിശ്വസ്തരല്ലെന്ന് തോന്നുന്ന ആളുകളെ തിരിച്ച് വിളിക്കുകയും വിശ്വസ്തരായ ആളുകളെ പകരം നിശ്ചയിക്കുകയും ചെയ്യും. ഇതുകാരണം ബീവിഖദീജ എപ്പോഴും വിശ്വസ്തരായ ആളുകളെ അന്വേഷിച്ചുകൊണ്ടിരിക്കുക പതിവാണ്.
കച്ചവടച്ചരക്കുമായി ഒറ്റക്ക് യാത്ര ചെയ്യുവാൻ കഴിയുമായിരുന്നില്ല. ഒറ്റക്ക് പോകുന്നവരെ കള്ളൻമാരും, കൊള്ളക്കാരും പിടികൂടുകയും കൊള്ളയടിക്കുകയും ചെയ്യും. ഇതു കാരണം വലിയ ഖാഫിലകളായിട്ടായിരിക്കും അവർ സഞ്ചരിക്കുക.
ഖുറൈശി നേതാക്കൾ പൊതുവെ കച്ചവടക്കാരായിരുന്നുവെന്ന് പറഞ്ഞുവല്ലൊ. അതിനാൽ ഇടക്കിടെ ഖാഫിലകൾ പുറപ്പെടുമായിരുന്നു. അവരുടെ കൂട്ടത്തിലാണ് ബീവിഖദീജ തൻ്റെ കച്ചവട സംഘങ്ങളെ അയച്ചിരുന്നത്.
മുഹമ്മദ്(സ്വ) യൗവ്വനഘട്ടത്തിലൂടെ കടന്നു പോവുകയായിരുന്നു. പ്രവാചകത്വ പദവിയൊന്നും അവർക്കു ലഭിച്ചിരുന്നില്ല. തൻ്റെ ഗോത്രത്തിലെ ആളുകളെപ്പോലെ അവരും കച്ചവടം തൻ്റെ ഉപജീവനമാർഗ്ഗമായി സ്വീകരിച്ചു.
അതിനുള്ള പരിചയം അവർക്ക് ചെറുപ്പത്തിൽതന്നെ ലഭിച്ചിരുന്നു. പതിനൊന്നാം വയസ്സിൽ തന്റെ പിതൃവ്യൻ അബൂത്വാലിബിൻ്റെ കൂടെ കച്ചവടാവശ്യാർത്ഥം സിറിയയിലേക്ക് പോയിരുന്നു.
മുഹമ്മദ്(സ്വ)യുടെ പിതാവ് അബ്‌ദുല്ല(റ) കാര്യമായ എന്തെങ്കിലും സമ്പത്ത് ഇട്ടേച്ചുകൊണ്ടല്ല ഇഹലോകവാസം വെടിഞ്ഞത്. അതിനാൽ സ്വന്തമായി കച്ച വടം ചെയ്യാനുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നില്ല.
അബുത്വാലിബിനാകട്ടെ, പ്രൗഢിയും പ്രതാപവും അല്ലാതെ പറയത്തക്ക സമ്പാദ്യവും ഉണ്ടായിരുന്നില്ല. അതിനാൽ മുഹമ്മദ്(സ്വ)ന് മെച്ചപ്പെട്ട കൂലികൊടുക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.
അതിനാൽ കമ്മീഷൻ വ്യവസ്ഥയിലോ മറ്റോ മറ്റുള്ളവരുടെ വ്യാപാരം നടത്തിക്കൊണ്ട് പോകുന്നതിനെക്കുറിച്ച് മുഹമ്മദ് (സ്വ) ചിന്തിക്കുകയായിരുന്നു.
ചില സംരംഭങ്ങളൊക്കെ തുടങ്ങുകയും ചെയ്തു. മുഹമ്മദ്(സ്വ) വളരെ സത്യസന്ധനായിരുന്നു. ഒരു കളവ് പോലും പറഞ്ഞിരുന്നില്ല കച്ചവടത്തിൽ മുതലുടമയെയോ ഉപഭോക്താവിനെയോ ഒരു തരത്തിലും വഞ്ചിച്ചില്ല. തന്നിമിത്തം വളരെ പെട്ടന്ന് തന്നെ സ്വാദിഖ് (സത്യസന്ധൻ). അമീൻ (വിശ്വസ്തൻ) എന്നീ പേരുകളിൽ അവർ സുപ്രശസ്തനായിത്തീർന്നു.
അത്തരത്തിലുള്ള മുഹമ്മദ്(സ്വ)ൻ്റെ സത്യസന്ധതയെയും വിശ്വസ്‌തതയെയും കുറിച്ചുള്ള വിവരം ബീവി ഖദീജയുടെ കാതുകളിലും എത്തിച്ചേർന്നു. വേലക്കാരൻ മുഖേന അവർ മുഹമ്മദ് (സ്വ)നോട് പറഞ്ഞു:
" എൻറെ കച്ചവടം ഏറ്റെടുത്ത് നടത്തുകയാണ് എങ്കിൽ, മറ്റുള്ളവർ നൽകുന്നതിന്റെ ഇരട്ടി കൂലിതരാം. കൂടെ ഒരു ഭൃത്യനെ അയച്ചുതരുകയും ചെയ്യാം."
മുഹമ്മദ്(സ്വ) ഇതിനെക്കുറിച്ച് തന്റെ പിത്യവ്യൻ അബുത്വാലിബുമായി കൂടിയാലോചന നടത്തി അബുത്വാലിബ് പറഞ്ഞുഃ " ഇതൊരു സുവർണ്ണാവസരം ആണ് ഇത് കൈവിട്ട് പോകാൻ അനുവദിക്കരുത്. എളുപ്പം ഖദീജയുടെ അടുത്ത് ചെന്ന് ഇടപാട് ചെയ്തിട്ട് വരൂ!''
മുഹമ്മദ് (സ്വ) ഉടനെ ബീവിഖദീജയുടെ അടുത്ത് ചെന്നു കച്ചവടം ഏറ്റെടുത്ത് നടത്താനുള്ള തൻ്റെ സന്നദ്ധത അറിയിച്ചു.
ബീവി ഖദീജ വളരെ സന്തുഷ്ടയായി. തന്റെ കച്ചവടമുതലുകൾ അവരെ ഏൽപ്പിച്ചു. മുഹമ്മദ് (സ്വ) കച്ചവടമുതലുകളുമായി സിറിയയിലേക്ക് പോകുന്ന ഖാഫിലയോടൊപ്പം പുറപ്പെട്ടു. ബീവിഖദീജയുടെ ദാസനായ മൈസറത്തും കൂടെ പോയിരുന്നു. മുഹമ്മദ്(സ്വ) ൻ്റെ സൗകര്യങ്ങളിൽ മൈസറത്ത് യാത്രയിലുനീളം സജീവ ശ്രദ്ധചെലുത്തി.
മുഹമ്മദ്(സ്വ) ബുസ്രാ പട്ടണത്തിലെത്തി താൻ കൊണ്ടുപോയ സാധനങ്ങളെല്ലാം നല്ല ലാഭത്തിൽ അവിടെ വിറ്റഴിച്ചു. ആ പണം കൊണ്ട് ബുസ്രായിൽ നിന്ന് കുറെ ചരക്കുകളെടുത്ത് മക്കയിലേക്ക് തിരിച്ചു.
മക്കയിൽ അതും നല്ല ലാഭത്തിൽ വിറ്റു. മുഹമ്മദ്(സ്വ)തുകയെല്ലാം ബീവി ഖദീജയെ ഏൽപ്പിച്ചു. ബീവിഖദീജ വിസ്മയഭരിതയായിപ്പോയി. ഇതുവരെ ആരും കച്ചവടം നടത്തിയിട്ടും ഇത്രയും ലാഭം കിട്ടിയിട്ടില്ല. അവർ വാഗ്ദാനം ചെയ്‌തതിലും കൂടിയ തുക മുഹമ്മദ് (സ്വ)ക്ക് നൽകി അവർ അതും വാങ്ങി തൻ്റെ വീട്ടിലേക്ക് പോയി.
ബീവി ഖദീജ മൈസറത്തിനോട് ചോദിച്ചു: “മുഹമ്മദിൻ്റെ പെരുമാറ്റം എങ്ങിനെയുണ്ടായിരുന്നു? നിന്നോടെങ്ങിനെയാണവൻ പെരുമാറിയത് ' മൈസറത്ത് നബി( സ്വ)യെ വളരെ പ്രശംസിച്ചു. അവൻ പറഞ്ഞു.
“എന്നോട് മാത്രമല്ല, ഖാഫിയലയിലെ എല്ലാവരോടും വളരെ ഹൃദ്യമായാണ് മുഹമ്മദ് പെരുമാറിയത്. ആർക്കും അവരെക്കുറിച്ച് ഒരു പരാതിയും ഉണ്ടായിരുന്നില്ല. സാധനങ്ങൾ വാങ്ങാൻ വന്ന ആളുകൾക്കും അവരെക്കുറിച്ച് നല്ലതേ പറയാനുണ്ടായിരുന്നുള്ളു. കാണാൻ കഴിഞ്ഞിട്ടില്ല." ഇത്രയും നല്ല ഒരു വ്യക്തിയെ എനിക്ക് ഇതേവരെയും
പ്രഥമ ദർശനത്തിൽത്തന്നെ മുഹമ്മദ്(സ്വ)യുടെ മനോഹരരൂപം ബീവിഖദീജയുടെ മനസ്സിൽ സ്ഥലം പിടിച്ചുകഴിഞ്ഞിരുന്നു.
മൈസറത്തിൻ്റെ വിവരണം കൂടി കേട്ടപ്പോൾ ആ മമത - ആ സ്നേഹം ഒന്നും കൂടി വർദ്ധിച്ചു. മൂന്നു ഭർത്താക്കന്മാരുടെ വേർപാടിനെത്തുടർന്ന് ഇനിയൊരു വിവാഹബന്ധത്തിൽ ഏർപ്പെടുകയില്ലെന്ന് ബീവി ഖദീജ തീരുമാനിച്ചതായിരുന്നു.
സ്വന്തം ഗോത്രത്തിലെ പ്രമുഖരും സമ്പന്നരുമായിരുന്ന പലരും വിവാഹാലോചനയുമായി മുമ്പോട്ടുവന്നതായിരുന്നു. അവർ അതെല്ലാം നിരസ്ക്കുകയാണുണ്ടായത്. പക്ഷെ ഇപ്പോൾ മനസ്സിനൊരു ചാഞ്ചല്ല്യം. സുന്ദരനും, സുമുഖനും സൽസ്വഭാവിയും സദാചാരതൽപരനുമായ മുഹമ്മദ് (സ്വ)ൻ്റെ കൂടെ തനിക്ക് സമാധാനവും സുരക്ഷിതത്വവും ലഭിക്കുമെന്ന് ഒരു തോന്നൽ.
പക്ഷെ, ബീവിഖദീജ അക്കാര്യം ആരോടും പറഞ്ഞില്ല. അവർ ബുദ്ധിമതിയായിരുന്നു. ദീർഘവീക്ഷണമുള്ളവരായിരുന്നു. ധൃതിപ്പെടുന്നത് ശരിയല്ല എന്നവർക്കറിയാമായിരുന്നു.
മൂന്നുമാസത്തോളം ഈ ആഗ്രഹം അവർ തൻ്റെ മനസ്സിൽ ഒളിപ്പിച്ചുവെച്ചു, പ്രശ്‌നത്തിൻ്റെ നാനാവശങ്ങളെക്കുറിച്ചും ചിന്തിച്ചു. ഒടുവിൽ അവർ ഒരു തീരുമാനത്തിലെത്തിച്ചേർന്നു - തൻ്റെ ആഗ്രഹം മുഹമ്മദ് (സ്വ)നേയും കുടുംബത്തേയും അറിയിക്കാൻ നഫീസ എന്ന ഒരു സ്ത്രീയെ അവർ ചുമതലപ്പെടു ത്തി.
നഫീസ മുഹമ്മദ് (സ്വ)നെ സമീപിച്ചു. എന്നിട്ട് ചോദിച്ചു:
" നീ ഒരു യുവാവായില്ലേ? നീ എന്തുകൊണ്ടാണ് വിവാഹം ചെയ്യാത്തത്?" മുഹമ്മദ് (സ്വ) പറഞ്ഞുഃ
" ഭാര്യയുടെ ചുമതലകൾ നിർവ്വഹിക്കാൻ മതിയായ വരുമാനം എനിക്കില്ല അവർ ഇത്രയും കൂടി പറഞ്ഞു :
'എന്നെപ്പോലെ ദരിദ്രനായ ഒരാൾക്ക് ആരാണ് തന്റെ മകളെ തരുക?"
നഫീസ, പറഞ്ഞു:
" ആ കാര്യത്തെക്കുറിച്ച് നീ വേവലാതിപ്പെടേണ്ട നീ തയ്യാറാണെങ്കിൽ സമ്പന്നവും പ്രൗഢവുമായ ഒരു കുടുംബത്തിൽ നിന്ന് സുന്ദരിയും സുശീലയുമായ ഒരു പെണ്ണിനെ ഞാൻ വിവാഹം കഴിച്ചുതരാം."
മുഹമ്മദ്(സ്വ)അത്ഭുതത്തോടെ ചോദിച്ചുഃ
"ഏതായിരിക്കും ആ സ്ത്രീ"
ഖുവൈലിദിന്റെ മകൾ ഖദീജ - നഫീസ പറഞ്ഞു.
“അവർ ഈ ബന്ധത്തിന് തയ്യാറാവുമോ?"
"അവരെ സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു."
“അവർ സമ്മതിക്കുമെങ്കിൽ എനിക്ക് വിരോധമൊന്നുമില്ല"
മുഹമ്മദ്(സ്വ)ന്റെ മറുപടി കേട്ട് സന്തുഷ്ടയായ നഫീസ, ബീവി ഖദീജയുടെ അടുത്ത് ചെന്ന് വിവരം പറഞ്ഞു.
അവർ അന്നു തന്നെ മുഹമ്മദ്(സ്വ) നെ വിവാഹം അന്വേഷിച്ചുകൊണ്ട് നബി(സ്വ)യുടെ വീട്ടിലേക്ക് ആളെയയച്ചു. തന്റെ പിതൃവ്യനായ ഉമറുബ്നു അസദിനെ വിവരം ധരിപ്പിക്കുകയും ചെയ്തു.
ബീവിഖദീജയുമായുള്ള വിവാഹാലോചനയെക്കുറിച്ച് മുഹമ്മദ്(സ്വ)യുടെ പിത്യവ്യനായ അബൂത്വാലിബ് തികഞ്ഞ സംതൃപ്‌തിയാണ് പ്രകടിപ്പിച്ചത്.
ഖദീജ യുടെ പിതാവ് ഖുവൈലിദ് മരിച്ചുകഴിഞ്ഞിരുന്നു. പിതൃവ്യൻ ഉമറുബ്‌നു അസദായിരുന്നു ഖദീജയുടെ രക്ഷാകർത്താവ് (വലിയ്യ്). ഇരുകൂട്ടരുടെയും ബന്ധുക്കൾ ചേർന്ന് വിവാഹത്തിന് തിയ്യതി നിശ്ചയിക്കുകയും ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു.
നിശ്ചിത സമയത്ത് അബുത്വാലിബും ഹസ്രത്ത് ഹംസ(റ)യും ബനുഹാശിം ഗോത്രത്തിലെ പ്രമുഖവ്യക്തികളും മുഹമ്മദ്(സ്)മെയും കൂട്ടി ബീവിഖദീജയുടെ വീട്ടിലേക്ക് ചെന്നു.
ഖദീജയുടെ പിതൃവ്യൻ ഉമറുബ്‌നു അസദും, പിതൃസഹോദര പുത്രൻ വറകത്തുബ്‌നു നൗഫലും മറ്റു പ്രമുഖവ്യക്തികളും അവിടെ സന്നിഹിതരായിരുന്നു. അങ്ങനെ മഹത്തായ, പ്രൗഢമായ ഒരു സദസ്സിൽവെച്ച് മുഹമ്മദ്( സ്വ)യും ബീവി ഖദീജയും തമ്മിലുള്ള വിവാഹം നടന്നു.
വിവാഹ സമയത്ത് മുഹമ്മദ്(സ്വ)ക്ക് ഇരുപത്തിയഞ്ച് വയസ്സേയുണ്ടായിരുന്നുള്ളൂ. ബീവി ഖദീജക്കാകട്ടെ, നാൽപ്പത് വയസ്സ് കഴിഞ്ഞിരുന്നു. ക്രിസ്‌താബ്ദം 596-ലാണ് ഈ വിവാഹം നടന്നത് . പിന്നെയും 15 വർഷം കഴിഞ്ഞാണ് മുഹമ്മദ്( സ്വ)ക്ക് നുബുവ്വത്ത് -പ്രവാചകത്വം - ലഭിക്കുന്നത്.
വിവാഹപ്പിറ്റേന്ന് അബുത്വാലിബ് തൻ്റെ സഹോദരപുത്രനുവേണ്ടി ഒരു വിവാഹസദ്യ നടത്തി. ബനൂഹാശിം കുടുംബത്തിലെയും ബീവിഖദീജയുടെ കുടുംബത്തിലെയും എല്ലാ ആളുകളെയും സദ്യക്ക് ക്ഷണിച്ചിരുന്നു.
അതിന് ശേഷം ബീവി ഖദീജയുടെ പിതൃവ്യൻ ഉമറുബ്‌നു അസദും ഒരു സദ്യ നടത്തി. ഇരുകുടുംബത്തിലെയും അംഗങ്ങളെ അതിലേക്കും ക്ഷണിച്ചിരുന്നു. അങ്ങനെ അവരുടെ വൈവാഹിക ജീവിതം ആരംഭിച്ചു.
ബീവി ഖദീജ മഹാഭാഗ്യവതിയാണ്. സൃഷ്ടികളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായ ഒരു വ്യക്തിയോടൊത്ത് ദാമ്പത്യജീവിതം നയിക്കുകയെന്നത് ചെറിയ ഭാഗ്യമല്ലല്ലൊ. മുഹമ്മദ്(സ്വ)യുടെയും ബീവിഖദീജയുടെയും ദാമ്പത്യജീവിതം അങ്ങേയറ്റം സുഖകരവും സന്തോഷ പ്രദവുമായിരുന്നു.
വിവാഹത്തിന് മുമ്പ് ബീവി ഖദീജ, മുഹമ്മദ്(സ്വ) നെ ഒരു സഹായി മാത്രമായാണ് കരുതിയിരുന്നത്.
മുഹമ്മദ്(സ്വ)ൻ്റെ സ്വഭാവവിശേഷണങ്ങളെയും പെരുമാറ്റരീതിയെയും കുറിച്ച് ശരിയായ മതിപ്പും തോന്നിയിരുന്നു. എന്നാൽ വിവാഹത്തിന് ശേഷമാണ് മുഹമ്മദ്(സ്വ)ൻ്റെ സുന്ദരവും അവർണ്ണനീയവുമായ യഥാർഥ ചിത്രം ബീവിഖദീജക്ക് മനസ്സിലായത്. താൻ കരുതിയതിലും എത്രയോ മഹോന്നതനാണ് തൻ്റെ ഭർത്താവ് എന്ന് അവർക്ക് ബോധ്യമായി.
അവർ തന്റെ സമ്പത്ത് മുഴുവനും തൻ്റെ പ്രിയ ഭർത്താവിൻ്റെ പാദങ്ങളിൽ സമർപ്പിച്ചു. എന്നിട്ട് പറഞ്ഞുഃ
എൻ്റെ സ്വത്തും സമ്പാദ്യവും എല്ലാം ഞാൻ അങ്ങേക്ക് വേണ്ടി വിട്ടുതരുന്നു. അങ്ങ് ഉദ്ദേശിക്കും വിധം അതു ചെലവഴിക്കാം. ഞാൻ അങ്ങയുടെ സ്നേഹത്തിന് വേണ്ടി എൻ്റെ എല്ലാ വസ്‌തുക്കളും ഇതാ ബലികഴിച്ചിരിക്കുന്നു.
എന്റെ ശരീരം, എൻ്റെ ജീവൻ, എൻറെ ഹൃദയം, അതുപോലെ എൻ്റെ വീടും സ്വത്തും എല്ലാം അങ്ങയുടേതാണ്. അങ്ങയുടെ തണൽ എപ്പോഴും എന്റെ ശിരസ്സിൽ ഉണ്ടാകട്ടെ എന്ന ഒരു പ്രാർഥനമാത്രമേ എനിക്കുള്ളൂ.
ബീവിഖദീജ അറബ് നാട്ടിലെ ഏറ്റവും വലിയ പണക്കാരിയായിരുന്നു. രാജകീയമായ സുഖഭോഗങ്ങളോടും ആഢംബരത്വത്തോടും കൂടി ജീവിക്കാൻ അവർക്ക് കഴിയുമായിരുന്നു.
എന്നാൽ മുഹമ്മദ് (സ്വ) ഒരു ചില്ലിക്കാശ് പോലും സുഖഭോഗങ്ങൾക്കോ, ആഢംബരത്വത്തിന് വേണ്ടിയോ ചെലവഴിച്ചില്ല. അഗതികളെയും അശരണരെയും സഹായിക്കാനും, അനാഥകളുടെ സംരക്ഷണത്തിനും വിധവകളുടെ പുനരധിവാസത്തിനും വേണ്ടിയാണ് ഈ പണമിത്രയും ചെലവഴിച്ചത്.
തൻ്റെ ഭർത്താവിനെ അങ്ങേയറ്റം അനുസരിക്കുക- ഇതായിരുന്നു ഖദീജ ബീവിയുടെ ഏക ജീവിത ലക്ഷ്യം.
മുഹമ്മദ് (സ്വ)ന്റെ അഭീഷ്‌ടത്തിനെതിരായ ഒരു ചെറുചലനം പോലും ബീവിഖദീജയിൽ നിന്നുണ്ടായില്ല. ബീവി ഖദീജയുടെ ഒരു പ്രവർത്തിപോലും മുഹമ്മദ് (സ്വ)ന്നും അഹിതകരമായി തോന്നിയില്ല.
ഭർത്താവിന് വേണ്ടി എന്തും ത്യജിക്കാൻ സന്നദ്ധയായ ഒരു സ്ത്രീയിൽ നിന്നും മറ്റെന്‌ത് പ്രതീക്ഷിക്കാനാണ്?. ഒരു വഴക്കോ വാക്കേറ്റമോ ഒരു ചെറിയ സൗന്ദര്യപ്പിണക്കു പോലുമോ അവർക്കിടയിലുണ്ടായില്ല.
തികച്ചും സ്വർഗ്ഗീയമായിരുന്നു അവരുടെ ദാമ്പത്യജീവിതം. അതുകൊണ്ടുതന്നെ ബീവിഖദീജയെ നബിതിരുമേനി (സ്വ)ക്കൊരിക്കലും മറക്കാൻ കഴിഞ്ഞില്ല.
തൻ്റെ അന്ത്യം വരെയും അവരെക്കുറിച്ചുള്ള മധുരിക്കുന്ന ഓർമ്മകൾ അവർ വെച്ചുപുലർത്തിയിരുന്നു.
കാലചക്രം അതിവേഗം കറങ്ങി. ബീവി ഖദീജയുടെ വൈവാഹിക ജീവിതത്തിന് പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞു. മുഹമ്മദ്(സ്വ) ന്ന് 40 വയസ്സ് പൂർത്തിയായി.
ഈ സമയത്ത് അറേബ്യയിൽ ഒരു അത്ഭുത സംഭവം നടന്നു. ലോകത്തിന്‍റെ ചലനവ്യവസ്ഥയെത്തന്നെ മാറ്റിമറിക്കുന്നതായിരുന്നു ആ സംഭവം. ഈ സമയത്ത് ലോകത്തിൻ്റെ സ്ഥിതി സാമൂഹികമായും സാംസ്കാരികമായും സദാപാരപരമായും മറ്റും വളരെ മോശമായിരുന്നു.
ലോകത്താകെ മാറ്റം സൃഷ്ടിക്കാൻ കഴിയുന്ന ഒരു പരിഷ്‌കർത്താവിൻ്റെ ആഗമനം കാത്തിരിക്കുകയായിരുന്നു ലോകമനസ്സാക്ഷി. പ്രപഞ്ചനാഥനായ അല്ലാഹു ഈ മഹാദൗത്യത്തിന് വേണ്ടി ബീവി ഖദീജയുടെ ഭർത്താവിനെ തിരഞ്ഞെടുത്ത് കഴിഞ്ഞിരുന്നു.
ലോകത്ത് നടക്കുന്ന അന്ധവിശ്വാസങ്ങളും അനാചാര പേക്കുത്തുകളും കണ്ട് മുഹമ്മദ്(സ്വ) ൻ്റെ മനസ്സ് മടുക്കുന്നു.
മക്കയുടെ അടുത്തുള്ള ഹിറാഗുഹയുടെ ഏകാന്തതയിൽ ചെന്നിരുന്ന് ലോകത്തെ എങ്ങനെ മാറ്റിയെടുക്കാമെന്നതിനെക്കുറിച്ച് മണിക്കൂറുകളോളം, ദിവസങ്ങളോളം ആലോചിക്കുന്നു.
ബീവി ഖദീജ കുറെ ദിവസത്തേക്കുള്ള ഭക്ഷണം തയ്യാറാക്കിക്കൊടുക്കും. അതുമായി മുഹമ്മദ് (സ്വ) ഗുഹയിലേക്ക് പോവുകയും ഏകാന്ത ധ്യാനത്തിലും പരിചിന്തനത്തിലും നിരതനാവുകയും ചെയ്യും.
ഭക്ഷണം തീർന്നാൽ വീട്ടിലേക്ക് തിരിച്ചുവരും. വീണ്ടും ഭക്ഷണവുമായിപ്പോവും. ചിലപ്പോൾ ബീവിഖദീജയും തന്റെ ഭർത്താവിൻ്റെ കൂടെ പോവുകയും ഗുഹയിൽ ധ്യാനനിരതയായിരിക്കുകയും ചെയ്യുമായിരുന്നു.
ഈ സമയത്ത് മുഹമ്മദ് (സ്വ)ക്ക് ഇഹലോകവുമായി ഒരു അടുപ്പവും ഉണ്ടായിരുന്നില്ല.
പതിവുപോലെ ഒരു ദിവസം മുഹമ്മദ് (സ്വ) ആരാധനയിലും ആലോചനയിലും നിരതനായി ഇരിക്കുകയായിരുന്നു. അപ്പോൾ അല്ലാഹുവിൻ്റെ മലക്ക് ജിബ്രീൽ - അവിടെ പ്രത്യക്ഷനായി. അല്ലാഹുവിൻ്റെ സന്ദേശം ഓതിക്കേൾപ്പിച്ചു.
ഇതിന് മുമ്പ് ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. മുഹമ്മദ് (സ്വ) ന് ആകെ ഭയം തോന്നി ഭയത്തോടും മനഃപ്രയാസത്തോടും കൂടി വീട്ടിലേക്കുപോന്നു.എന്നെ പുതപ്പിച്ചു തരൂ എന്നു പറഞ്ഞുകൊണ്ടാണ് വീട്ടിലേക്കു കടന്നത്.
ബീവിഖദീജ തൻ്റെ ഭർത്താവിനെ ജീവനെക്കാളുപരി സ്നേഹിച്ചിരുന്നു.
ഭർത്താവിൻ്റെ സ്ഥിതി കണ്ട് അവരും അസ്വസ്ഥയായി.വേഗം പുതപ്പെടുത്ത് പുതച്ചു കൊടുത്തു. ഭർത്താവിനെ അമർത്തിപ്പിടിച്ചുകൊണ്ട് അടുത്തിരുന്നു. കുറച്ചുകഴിഞ്ഞു ഭർത്താവിന്റെ ഭയാവസ്ഥക്ക് ചെറിയൊരുമാറ്റം ദൃശ്യമായപ്പോൾ ബീവിഖദീജ പറഞ്ഞുഃ
'അങ്ങക്ക് എന്താണ് സംഭവിച്ചത് എന്ന് പറഞ്ഞുതരൂ"
മുഹമ്മദ് (സ്വ), ജിബ്രീൽ വരികയും ദിവ്യ സന്ദേശം കേൾപ്പിക്കുകയും ചെയ്ത സംഭവം വിശദമായി വിവരിച്ചുകൊടുത്തു.
എല്ലാം കേട്ടതിനുശേഷം ബീവിഖദീജ തൻ്റെ ഭർത്താവിനെ സമാശ്വസിപ്പി ച്ചുകൊണ്ട് പറഞ്ഞു:
'അങ്ങ് വിഷമിക്കണ്ട. അങ്ങ് സത്യസന്ധനാണ് വിശ്വസ്തനാണ് അങ്ങ് അഗതികളെയും അശരണരെയും സഹായിക്കുന്നു. അനാഥരെയും വിധവകളെയും സംരക്ഷിക്കുന്നു. കുടുംബബന്ധം സ്ഥാപിക്കുന്നു. ഇത്തരത്തിലുള്ള ഒരാളെ ദൈവം ഒരിക്കലും കൈയ്യൊഴിക്കുകയില്ല. അങ്ങ് സമാധാനമായിരിക്കൂ.ഞാൻ ഇപ്പോൾ തന്നെ അങ്ങയെ എൻ്റെ പിതൃസഹോദരപുത്രൻ വറഖത്തുബ്‌നു നൗഫലിന്റെ അടുത്ത് കൊണ്ടുപോകാം.
ഹിബ്രുഭാഷയും തൗറാത്തും ഇഞ്ചിലും നല്ലതുപോലെ അറിയുന്ന വ്യക്തിയാണദ്ദേഹം. അദ്ദേഹം അങ്ങേയ്ക്ക് പൂർണ്ണമായ ആശ്വാസം പകരും."
ബീവി ഖദീജ ഉടനെ തൻ്റെ ഭർത്താവുമായി വറഖത്തുബ് നൗഫലിന്റെ അടുത്ത് ചെന്നു. എന്നിട്ടു പറഞ്ഞു:
സഹോദരാ ഞാൻ താങ്കളുടെ അടുത്ത് താങ്കളുടെ സഹോദരപുത്രനെ കൊണ്ട് വന്നിരിക്കുകയാണ്. അദ്ദേഹം ഹിറാഗുഹയിൽ വെച്ച് അത്ഭുതകരമായ ഒരു ദൃശ്യം കാണുകയുണ്ടായി. അത് അദ്ദേഹത്തോട് ചോദിച്ചറിഞ്ഞ് അതിന്റെ പൊരുൾ പറഞ്ഞുകൊടുക്കണം. അദ്ദേഹം ആകെ പരിക്ഷീണനാണ്.'
നബിതിരുമേനി (സ്വ) തൻ്റെ അനുഭവങ്ങൾ അദ്ദേഹത്തിനു വിവരിച്ചുകൊടുത്തു. എല്ലാം ശ്രദ്ധിച്ച് കേട്ടതിനുശേഷം വറഖത്തുബ്നു നൗഫൽ പറഞ്ഞുഃ
" മൂസാനബിയുടെയും ഈസനബിയുടെയും അടുത്ത് ദിവ്യ സന്ദേശവും കൊണ്ട് ആഗതനായ പ്രധാന മാലാഖ (ജിബ്രീൽ) ആണ് താങ്കളുടെ അടുത്ത് വന്നതെന്ന് ഞാൻ മനസ്സിലാക്കുന്നു. താങ്കൾ കേട്ടത് ദൈവത്തിൻ്റെ വചനമാണ്. ഈസയെയും മൂസയെയും പോലെ താങ്കളും ദൈവദൂതനാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. മക്കക്കാർ താങ്കളെ പുറത്താക്കുന്ന സമയത്ത് ഞാൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഞാൻ താങ്കളെ സഹായിക്കും."
നബിതിരുമേനി (സ്വ) അത്ഭുതത്തോടെ ചോദിച്ചു
“എന്റെ ജനത എന്നെ നാട്ടിൽ നിന്നും പുറത്താക്കുമെന്നോ ? അതെങ്ങനെയാണ് സംഭവിക്കുക? എനിക്കിവിടെ ഒരു ശത്രുവുമില്ല. ഞാൻ ആരെയും എതിർക്കുന്നുമില്ല. എല്ലാവരും സ്നേഹത്തോടും സൗമനസ്യത്തോടും കൂടിയാണ് എന്നോട് പെരുമാറുന്നത് "
തൗറാത്തിലും ഇഞ്ചീലിലും അഗാധപാണ്ഡിത്വമുണ്ടായിരുന്ന ആ വൃദ്ധന്‍ ഒന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞുഃ
അതെ,തീർച്ചയായും താങ്കളുടെ ജനത താങ്കളെ ഇവിടെ നിന്നും പുറത്താക്കും. താങ്കൾക്ക് മുമ്പു ഇവിടെ വന്ന നബിമാരെയെല്ലാം അവരുടെ ജനത എതിർത്തിട്ടുണ്ട്. താങ്കൾ ഒരു പുതിയ പ്രവാചകനല്ല. താങ്കളുടെ മുമ്പ് ഒരു പാട് നബിമാർ നിയുക്തരായിട്ടുണ്ട്.
അവരോടെല്ലാം അവരുടെ ജനത ഇങ്ങനെത്തന്നെയാണ് പെരുമാറിയിരുന്നത്.ഞാൻ ആ സമയത്ത് ജീവിച്ചിരുന്നെങ്കിൽ നന്നായിരുന്നു. ഞാൻ ജീവിച്ചിരിക്കുമെന്ന് കരുതുന്നില്ല.
ഇതിന് ശേഷം നബിതിരുമേനി (സ്വ)യും ബീവി ഖദീജയും വീട്ടിലേക്ക് തിരിച്ചുപോന്നു. ഏതാനും ദിവസങ്ങൽക്കു ശേഷം വറഖത്തുബ്‌നു നൗഫൽ നിര്യാതനായി. നബിതിരുമേനി (സ്വ)യുടെ പ്രവാചകത്വം വറഖത്തുബ്‌നു നൗഫൽ വ്യക്തമായി അംഗീകരിക്കുകയും തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. അതിനാൽ അദ്ദേഹം മുസ്ലിമായാണ് മരിച്ചത് എന്ന് മിക്ക ഹദീസ് പണ്‌ഡിതന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നു.
ഏതാനും ദിവസങ്ങൾക്ക് ശേഷം നബിതിരുമേനി (സ്വ) ഇസ്ലാംമത പ്രബോധനം ആരംഭിച്ചു. താൻ പ്രവാചകനാണെന്ന് പ്രഖ്യാപിച്ചു. ദിവ്യ സന്ദേശങ്ങൾ അവർക്ക് അവതരിച്ചുകൊണ്ടിരുന്നു. ഏറ്റവും ആദ്യമായി അവരുടെ പ്രവാചകത്വം അംഗീകരിച്ചത് പ്രിയപത്നി ഖദീജ തന്നെയായിരുന്നു. ഒരു നിമിഷം പോലും ചിന്തിക്കേണ്ട ആവശ്യം അവർക്കുണ്ടായില്ല.
നബിതിരുമേനി(സ്വ) സത്യസന്ധനായ പ്രവാചകനാണ് എന്നതിനുള്ള പ്രധാനമായ തെളിവ് ബീവി ഖദീജ(റ)യുടെ വിശ്വാസം തന്നെയാണ്. പുരുഷന്റെ രഹസ്യങ്ങളെയും ദൗർബല്യങ്ങളെയും പദ്ധതികളേയും ആസൂത്രണങ്ങളെയും കുറിച്ച് ഭാര്യയേക്കാൾ കൂടുതൽ അറിയുന്ന മറ്റൊരാളും ഉണ്ടാവുകയില്ല.
നീണ്ട പതിനഞ്ചുകൊല്ലം മുഹമ്മദ് തിരുമേനി(സ്വ)യോടൊത്ത് ജീവിച്ച ബീവിഖദീജ(റ) ക്ക് നബിതിരുമേനി(സ്വ)യെക്കുറിച്ചുള്ള എല്ലാവിവരങ്ങളും അറിയാം.
ഒരു സുപ്രഭാതത്തിൽ ഞാൻ പ്രവാചകനാണെന്ന് പറഞ്ഞപ്പോൾ അതിൽ സംശയിക്കേണ്ട യാതൊരു സ്ഥിതി വിശേഷവു ബീലിക്കുണ്ടായില്ല.
ഭര്‍ത്താവിന്‍റെ സമ്മര്‍ദ്ദം കൊണ്ടാണ് ബീവി ഖദീജ(റ)അങ്ങനെ ചെയ്തതെങ്കിൽ പിന്നീടുള്ള ജീവിതത്തിൽ എപ്പോഴെങ്കിലും അത് പ്രകടമാകുമായിരുന്നു. പക്ഷെ സത്യവിശ്വാസം സ്വീകരിച്ചതിനുശേഷം ബീവിഖദീജയുടെ ജീവിതം ഇസ്ലാമിനെ സഹായിക്കാനും സേവിക്കാനും വേണ്ടി നീക്കിവെക്കുന്നതാണ് നാം കാണുന്നത്.
പരിശുദ്ധാത്മാവ് ഇഹലോകം വിട്ട് സ്വർഗ്ഗലോകത്ത് എത്തിച്ചേരുന്നത് വരെ അവർ തന്റെ ജീവിതം ഇസ്ലാമിനുവേണ്ടി നീക്കിവെച്ചു.
പ്രവാചകത്വ പ്രഖ്യാപനത്തിന് ശേഷം മക്കയിലെ സത്യനിഷേധികൾ നബി തിരുമേനി(സ്വ)യെ അങ്ങേയറ്റം ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയ്തു.
ഇവയിലെല്ലാം നബി(സ്വ)യോടൊപ്പം ബീവി ഖദീജ(റ)യും പങ്കാളിയായിരുന്നു. നബി തിരുമേനി(സ്വ)യെ അവർ ആശ്വസിപ്പിക്കുകയും മതപ്രബോധന പ്രവർത്തനങ്ങൾ തുടരാൻ പ്രേരിപ്പിക്കുകയും ചെയ്‌തു. ബീവി ഖദീജ(റ)യുടെ ആശ്വാസവചനം കേൾക്കുമ്പോൾ നബി തിരുമേനി(സ്വ)യുടെ ആത്മധൈര്യം വർദ്ധിക്കുകയും വിഷമം ലഘൂകരിക്കപ്പെടുകയും സത്യമതത്തിലേക്കുള്ള പ്രബോധന പ്രവർത്തനങ്ങളിൽ നിരതനാവുകയും ചെയ്യും.
ശത്രുക്കൾ ഏഴു വർഷക്കാലം തുടർച്ചയായി ഈ പീഡനങ്ങൾ തുടർന്നു. നബി തിരുമേനി(സ്വ) പരാജിതനായില്ല. ശത്രുക്കൾ തങ്ങളുടെ നിലപാടിൽ നിന്നും തിരിഞ്ഞു കളഞ്ഞതുമില്ല.
നബിതിരുമേനി(സ്വ)യെ എതിർത്ത് സത്യനിഷേധികൾ തളർന്നു. ഒടുവിൽ അവർ മുസ്ലീങ്ങൾക്കെതിരെ സാമൂഹ്യ ബഹിഷ്‌കരണം പ്രഖ്യാപിച്ചു. നബിതിരുമേനി (സ്വ)യും അനുയായികളും ശിഅ്ബു അബീത്വാലിബ് എന്ന പേരിൽ പ്രസിദ്ധമായ മലഞ്ചെരുവിൽ അഭയം പ്രാപിക്കാൻ നിർബന്ധിതരായിത്തീർന്നു.
മലഞ്ചെരുവിലേക്ക് പ്രയാണം ചെയ്യുന്നവരുടെ മുൻപന്തിയിൽ ബീവി ഖദീജ (റ)യും ഉണ്ടായിരുന്നു. വിശപ്പും ദാഹവും അനുഭവിച്ച് മുസ്ലീംകൾ അവശരായി. കാട്ടിലെ ഇലകളും മറ്റും ഭക്ഷിച്ച് വിശപ്പടക്കാൻ അവർ നിർബന്ധിതരായിത്തീർന്നു. വിശപ്പും ദാഹവും എന്തെന്ന് മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ബീവി ഖദീജ (റ) യും സന്തോഷപൂർവ്വം ഈ ദുരിതങ്ങൾ അനുഭവിക്കുകയുണ്ടായി.
സത്യവിശ്വാസികൾക്കും നബികുടുംബത്തിനുമെതിരെ സത്യനിഷേധികൾ ഏർപ്പെടുത്തിയ സാമൂഹ്യപരിഷ്‌കരണം മൂന്ന് വർഷങ്ങളോളം നീണ്ട് നിന്നു. ഒടുവിൽ അവർതന്നെ ഏകപക്ഷീയമായി അത് പിൻവലിക്കുകയും ചെയ്തു.
എന്നാൽ മുന്നു വര്‍ഷക്കാലം മലഞ്ചെരുവിൽ ദുരിതപൂർണ്ണമായ ജീവിതം നയിക്കുക വഴി ബീവി ഖദീജ(റ) ആരോഗ്യപരമായി വളരെ തകർന്നു കഴിഞ്ഞിരുന്നു. ശരീരം മെലിഞ്ഞു ദുർബലമായി. രോഗം ബാധിച്ചുകിടപ്പിലായി. ഏതാനും ദിവസങ്ങൾക്ക് ശേഷം നുബ്ബുവത്തിന്റെ പത്താം വർഷം റമളാൻ മാസത്തിൽ ബീവി ഖദീജ(റ) എന്നെന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞു. ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ.
ഇതേ വർഷം തന്നെയാണ് നബിതിരുമേനി(സ്വ)യുടെ താങ്ങും തണലുമായിരുന്ന പിതൃവ്യൻ അബുത്വാലിബും മരണമടഞ്ഞത്. രണ്ട് പേരുടേയും വേർപാട് നബിതിരുമേനി(സ്വ)യെ സംബന്ധിച്ചേടത്തോളം സഹിക്കാൻ വയ്യാത്തതായിരുന്നു.ചരിത്രത്തിൽ ഈ വർഷം ആമുൽഹുസ്‌ൻ(ദുഃഖവർഷം) എന്ന പേരിൽ അറിയപ്പെടുന്നു.
നബിതിരുമേനി(സ്വ)യുടെ മനസ്സിൽ ബീവിഖദീജ(റ)ക്ക് അതുല്യമായ സ്ഥാനമാണുണ്ടായിരുന്നത്.
നബി(സ്വ) എപ്പോഴും അവരെ പ്രശംസിക്കാറുണ്ടായിരുന്നു. ഒരിക്കൽ ഹസ്രത്ത് ആയിശ(റ) പറഞ്ഞു: " അങ്ങ് ഖദീജ(റ)യെ പ്രശംസിക്കുന്നത് കേട്ടാൽ തോന്നും അവരെക്കാൾ നല്ല ഒരു സ്ത്രീയും ലോകത്തില്ലാ എന്ന്. അവർ വൃദ്ധയായിരുന്നു. അങ്ങയ്ക്കിപ്പോൾ അല്ലാഹു അവരെക്കാൾ നല്ല ഒരു ഭാര്യയെ പ്രദാനം ചെയ്‌തിട്ടുണ്ടല്ലൊ."
ഇതിന് മറുപടിയായി നബി(സ്വ) പറഞ്ഞുഃ " ആയിശാ, ഞാനെങ്ങനെ അവരെ പ്രശംസിക്കാതിരിക്കും? ആളുകളെല്ലാം എന്നെ അവിശ്വസിച്ചപ്പോൾ അവരെന്നെ വിശ്വസിച്ചു. ആളുകൾ എനിക്ക് എല്ലാം തടഞ്ഞപ്പോൾ അവർ എനിക്ക് തന്റെ സ്വത്തിൽ പങ്കാളിത്തം നൽകി. അവരിൽ എനിക്ക് സന്താനങ്ങളുണ്ടായി. മറ്റ് ഭാര്യമാരിൽ എനിക്ക് സന്താനങ്ങളുണ്ടായില്ല.'
നബിതിരുമേനി(സ്വ) ഒരിക്കൽ പറഞ്ഞുഃ " ലോകത്ത് ഏറ്റവും ശ്രേഷ്ഠരായ നാലു സ്ത്രീകളാണുളളത്. (1). ഖുവൈലിദിൻ്റെ മകൾ ഖദീജ(റ) (2).മുഹമ്മദ്(സ്വ) യുടെ മകൾ ഫാത്വിമ(റ). (3).ഇംറാൻ്റെ മകൾ മർയം(റ) (ഈസാനബിയുടെ മാതാവ്). (4).മുസാഹിമിന്റെ മകൾ ആസിയ(റ)(ഫിർഔന്റെ ഭാര്യ)".
ബീവി ഖദീജ(റ)ക്ക് ഒരു സഹോദരനും രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു. സഹോദരന്റെ പേര് അവ്വാം. ഇദ്ദേഹത്തിൻ്റെ പുത്രൻ ഹസ്രത്ത് സുബൈർ(റ) നബി(സ്വ)യുടെ അടുത്ത ഒരു സ്വഹാബിയും സ്വർഗ്ഗം ലഭിക്കുമെന്ന സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ട പത്ത് പേരില്‍ ഒരാളുമാണ്.
ഒരു സഹോദരിയുടെ പേര് ഹാലാ എന്നാണ്. ഇവരുടെ പുത്രൻ അബൂൽആസ്വ്(റ) ആണ് നബിതിരുമേനിയുടെ പുത്രിയ സൈനബ് (റ) വിവാഹം ചെയ്തിരുന്നത്. മറ്റൊരു സഹോദരിയായ റഫീഖയുടെ മകൾ ഉമൈമ(റ) ഒരു സാഹാബി വനിതയായിരുന്നു.
ബീവി ഖദീജ(റ)ക്ക് തന്റെ ആദ്യഭർത്താവിൽ മൂന്ന് ആണ്കുട്ടികൾ ജനിച്ചു. മൂന്ന് പേരും സ്വഹാബികളാകുന്നു.
(1). ഹിന്ദ് - വാഗ്മിയും സ്ഫുടമായി സംസാരിക്കുന്ന ആളുമായിരുന്നു. അദ്ദേഹം. നബി(സ്വ)യുടെ പ്രശംസകൻ എന്ന പേരിൽ ഇസ്ലാമിക ചരിത്രത്തിൽ അറിയപ്പെടുന്നു. നബി(സ്വ)യുടെ പൗത്രൻ ഹസ്രത്ത് ഹസൻ(റ)ന് വളരെ ഇഷ്ടപ്പെട്ട ആളായിരുന്നു. ജമൽ യുദ്ധത്തിൽ ഹസ്രത്ത് അലി(റ)യുടെ പക്ഷത്ത് അണി നിരന്ന് പൊരുതി രക്തസാക്ഷിയായിത്തീർന്നു.
(2). ത്വാഹിർ- നബി(സ്വ) ഇദ്ദേഹത്തെ യമനിലെ ഭരണകർത്താവായി നിയമിച്ചിരുന്നു. ഹസ്രത്ത് അബൂബക്കർ(റ)ൻ്റെ ഭരണകാലത്ത് ഇസ്‌ലാമിൽ നിന്ന് വ്യതിചലിച്ച് പോയവരെ ഉന്‌മൂലനം ചെയ്യുന്നതിൽ ഇദ്ദേഹം ഗണ്യമായ പങ്ക് വഹിച്ചു.
(3), ഹാല -നബി(സ്വ) ഇദ്ദേഹത്തെ വളരെയധികം സ്നേഹിച്ചിരുന്നു.
രണ്ടാം ഭർത്താവായ അഥീവിൽ നിന്ന് ഒരു പെൺകുട്ടി ജനിച്ചു. അതിൻ്റെ പേര് ഹിന്ദ് എന്നായിരുന്നു.
മൂന്നാമത്തെ ഭർത്താവിൽ നിന്നും ഒരു ആൺകുട്ടി ജനിച്ചു. അതിന് മുഹമ്മദ് എന്നായിരുന്നു പേർ.
നബിതിരുമേനി(സ്വ) യിൽ നിന്ന് ബീവി ഖദീജ(റ)ക്ക് താഴെ പറയും വിധം കുട്ടികളുണ്ടായി.
(1), ഖാസിം:-വിവാഹം കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഈ കുഞ്ഞ് പിറന്നത്.
ഏഴ് ദിവസം മാത്രമേ ജീവിച്ചിരുന്നുള്ളൂ. രണ്ട് വയസ്സ് വരെ ജീവിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഈ കുഞ്ഞിലേക്ക് ചേർത്താണ് നബിതിരുമേനി(സ്വ) അബുൽ ഖ്വാസിം എന്ന് വിളിക്കപ്പെടുന്നത്.
(2) ഹസ്രത്ത് അബ്‌ദുല്ലാ - ഈ കുഞ്ഞിന് ത്വയ്യിബ് എന്നും ത്വാഹിര്‍ എന്നും അപരനാമങ്ങളുണ്ട്. ഹിജ്‌റക്ക് മുമ്പ് തന്നെ ഹസ്രത്ത് അബ്ദുല്ലാ(റ) വഫാത്തായി.
അബ്ദുല്ലാ(റ)യുടെ മരണത്തോടെ ഇസ്ലാമിൻ്റെ ശത്രുക്കൾ നബി(സ്വ)യെ അബ്ത്തർ(വാലറ്റവൻ)എന്ന് വിളിക്കാൻ തുടങ്ങി. ഇതിനെ ഖണ്ഡിച്ചുകൊണ്ടാണ് സൂറത്തുൽ കൗസർ അവതരിച്ചത്.
(3). ഹസ്രത്ത് സൈനബ്(റ)
(4). ഹസ്രത്ത് റുഖയ്യ(റ)
(5). ഹസ്രത്ത് ഉമ്മുകുൽസും(റ).
(6). ഹസ്രത്ത് ഫാത്വിമ(റ)
നബി(സ്വ)യുടെ പുത്രിമാരും സ്വബാബി വനിതകളുമായ ഈ നാലുപേരെയും കുറിച്ച് പിന്നീട് വിവരിക്കുന്നുണ്ട്. ഇൻശാ അല്ലാഹ്.
അല്ലാഹു അവരുടെ ഹഖ്ജാഅ് ബര്‍ക്കത്തിനാല്‍ നമ്മെ വിജയികളില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ-ആമീന്‍.

