ഇസ്ലാമിക വിധി പ്രകാരം സ്ത്രീകളുടെ കൈകാര്യകർത്താക്കൾ പുരുഷന്മാരാണ്. സ്ത്രീകൾക്ക് ആവശ്യമായ ഭക്ഷണ-താമസ സൌകര്യങ്ങൾ ഒരുക്കിക്കൊടുക്കേണ്ടതും അവരുടെ ഇതര ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കേണ്ടതും പുരുഷൻറെ ധർമ്മമാണ്. ഭർത്താവ് ഉള്ളിടത്തോളം അതെല്ലാം ഭർത്താവിൻറെ ബാധ്യത തന്നെയാണ്. അത്കൊണ്ട് തന്നെ സാധാരണ ഗതിയിൽ സ്ത്രീകൾക്ക് ജോലി ചെയ്യേണ്ട സാഹചര്യം വരാറില്ല. എന്നാൽ അതേ സമയം, അവൾക്ക് ചെലവ് കൊടുക്കാൻ ആളില്ലാതെ വരികയോ ഭർത്താവിന് അതിന് കഴിയാതെ വരികയോ തൻറെ മക്കളെ പോറ്റാൻ വേറെ ഗതിയില്ലാതെ വരുകയോ ചെയ്യുന്ന സമയങ്ങളിൽ ജോലിക്ക് വേണ്ടി പുറത്ത്പോവാം എന്ന് മാത്രമല്ല, ഭർത്താവ് അതിന് സൌകര്യം ചെയ്തുകൊടുക്കണമെന്നും ആവശ്യമാവുന്ന പക്ഷം, ഭർത്താവ് അവളോടൊപ്പം പോയിക്കൊടുക്കണമെന്നും കർമ്മശാസ്ത്രം പറഞ്ഞുവെക്കുന്നുമുണ്ട്.
അത്തരം നിർബന്ധസാഹചര്യങ്ങളൊന്നുമില്ലാത്തിടത്തും, ഭർത്താവ് അനുവദിക്കുകയും മറ്റു ഹറാമായ കാര്യങ്ങളൊന്നും കടന്നുവരാതിരിക്കുകയും ചെയ്യുന്നിടത്തോളം പുറത്തുപോവുമ്പോഴുള്ള മര്യാദകളെല്ലാം പാലിച്ച് കൊണ്ട് ജോലിക്ക് പോവൽ അനുവദനീയമാണ്. ഇസ്ലാമിക രീതിയിലുള്ള ഔറത് മാത്രമല്ല മറ്റു മര്യാദകളും പാലിക്കണം. അന്യ പുരുഷന്മാരുമായി ഒറ്റക്കാവുന്ന അവസരങ്ങളുണ്ടാവുക, അവർക്ക് മുന്നിൽ ഔറത് വെളിപ്പെടുന്ന വിധത്തിൽ വസ്ത്രം ധരിക്കുക, ഫിത്നയുണ്ടാവുന്ന തരത്തിലുള്ള സംസാരവും പെരുമാറ്റവും ഭയപ്പെടുക തുടങ്ങിയ അവസരങ്ങളിൽ സ്ത്രീയെ ജോലിക്ക് പറഞ്ഞയക്കാവതല്ല. അത്തരം അവസരങ്ങളുണ്ടാവുന്ന സ്ഥാപനത്തിൽ സ്ത്രീയെ ജോലിക്ക് നിയമിക്കാവുന്നതുമല്ല.
നന്മ കൊണ്ട് കൽപിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥൻ തുണക്കട്ടെ.