അല്ലാഹുവിൻറെ തിരുനാമത്തിൽ, അവനാണ് സർവ്വസ്തുതിയും, മുഹമ്മദ് നബി(സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സദാ വർഷിക്കട്ടേ.ഭൂമിയിലെ ചില സ്ഥലങ്ങൾക്ക് ഗുണങ്ങൾക്കും മറ്റുചില സ്ഥലങ്ങൾക്ക്ദോശങ്ങളുമുണ്ടെന്ന് വിശുദ്ധഖുർആനിലുണ്ട്. നിരിവധി ഹദീസുകളും ഈ ആശയത്തിലുണ്ട്. ഇസ്റാഅ് സൂറത്തിലെ ആദ്യസൂക്തം ബൈതുൽ മുഖദ്ദസ് സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരവും അനുഗ്രഹീതമാണെന്ന് പറഞ്ഞിട്ടുണ്ട്. സൂറത്തുൽ അഅ്റാഫ്(137)ലും സൂറതുൽ അമ്പിയാഅ്(71,81)ലും സമാനമായ ആശയം കാണാം.ചില നാടുകളും പ്രദേശങ്ങളും മോശമാണെന്നും അല്ലാഹുവിൻറെ ശിക്ഷക്കും കോപത്തിനും ഇരയായ സ്ഥലങ്ങളാണെന്നും പ്രമാണങ്ങളിൽ പരാമർശമുണ്ട്. അത്തരം സ്ഥലങ്ങൾ താമസയോഗ്യമല്ലെന്നും യാത്രക്കിടയിലെ താൽക്കാലിക വിശ്രമത്തിന് പോലും ഇത്തരം സ്ഥലങ്ങൾ അനുയോജ്യമല്ലെന്നും അത്തരം സ്ഥലങ്ങൾ അതിവേഗം വിട്ടുകടക്കണമെന്നുമെല്ലാം ഹദീസുകളിൽ വന്നിട്ടുണ്ട്. അനസ്(റ)നെ തൊട്ട് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം: ഒരാൾ നബിയോട് പറഞ്ഞു, നബിയേ, ഞങ്ങൾ ഒരു വീട്ടിൽ താമസിക്കുകയായിരുന്നു. അവിടെ ഞങ്ങൾ എണ്ണം കൊണ്ടും സമ്പത്ത് കൊണ്ടും സമൃദ്ധരായിരുന്നു. പിന്നീട് ഞങ്ങൾ മറ്റൊരു വീട്ടിലേക്ക് താമസം മാറി. അപ്പോൾ ഞങ്ങളുടെ അംഗബലവും സമ്പൽസമൃദ്ധിയും ശോഷിച്ചു. അപ്പോൾ നബി(സ്വ) മറുപടി പറഞ്ഞു: നിങ്ങൾ നിന്ദ്യമായ ആ സ്ഥലം ഉപേക്ഷിച്ചുപോകുക. (സുനനു അബീദാഊദ് 3926).
മറ്റൊരു ഹദീസിൽ സമാനമായ ആശയം കാണാം. അൻസാരിയായ ഒരു സ്ത്രീ നബിയുടെ അടുത്തുവന്നു പറഞ്ഞു: ഞങ്ങൾ ഈ വീട്ടിൽ താമസിക്കുമ്പോൾ അംഗബലമുള്ളവരായിരുന്നു. ഇപ്പോഴത് ശോഷിച്ചു. ഞങ്ങൾ നല്ല ഇണക്കത്തിലും സൽസ്വഭാവത്തിലുമായിരുന്നു. ഇപ്പോൾ ഞങ്ങളുടെ സ്വഭാവങ്ങളിൽ മാറ്റം വന്നു. ഞങ്ങൾ ധനികരായിരുന്നു. ഇപ്പോൾ ഞങ്ങൾ ധരിദ്രരായി. നബി അവരോട് പറഞ്ഞു: നിന്ദ്യമായ ആ സ്ഥലത്തുനിന്ന് നിങ്ങൾക്ക് മാറിത്താമസിച്ചൂടെ? ആ സ്ത്രീ ചോദിച്ചു: അപ്പോൾ ഈ വീടെന്തു ചെയ്യും? നബി മറുപടി നൽകി. അത് വിൽക്കുകയോ ദാനം ചെയ്യുകയോ ആകാം (സുനനുൽബൈഹഖി16970, മുസ്വന്നഫുഅബ്ദിർറസാഖ് 19526). ഇമാം മാലിക്(റ)നോട് വീട്ടിലും വാഹനത്തിലുമുള്ള ദുശ്ശകുനത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ മറുപടി പറഞ്ഞു: ഒന്നിനു പിറകെ ഒന്നായി ആളുകൾ വന്നു താമസിക്കുകയും അവരെല്ലാം നശിക്കുകയും ചെയ്ത എത്ര വീടുകളാണുള്ളത് (സുനനു അബീദാഊദ് 3924) നബി(സ്വ) പറഞ്ഞു: ശകുനം വീട്ടിലും ഭാര്യയിലും വാഹനത്തിലുമാണ്. (സുനനുഅബീദാഈദ് 3922). ദുശ്ശകുമെന്നത് ഉണ്ടെന്നും താമസത്തിന് അനുയോജ്യമല്ലാത്ത സ്ഥലങ്ങളുണ്ടെന്നും വീട് താമസയോഗ്യമല്ലെങ്കിൽ അവിടെനിന്ന്മാറിത്താമസിക്കലാണുത്തമമെന്നും മേൽസൂചിപ്പിച്ച ആയത്തുകളിൽ നിന്നും ഹദീസുകളിൽ നിന്നും വ്യക്തമാണ്.
എന്നാൽ, സാധാരണ നമ്മുടെ നാട്ടിലെ നിർമാണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രധാനമാണ് തച്ചുശാസ്ത്രവും വാസ്തുശാസ്ത്രവും. ഒരു പടവുകാരൻ അറിയേണ്ട കാര്യങ്ങൾ, ഒരു ആശാരി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, വീടിന് സ്ഥാനം നിർണയിച്ചുകൊടുക്കുന്ന സ്ഥാനക്കാരൻ അറിയേണ്ട വിവരങ്ങൾ തുടങ്ങിയവയെല്ലാം അടങ്ങുന്ന വിജ്ഞാനശാഖയാണ് തച്ചുശാസ്ത്രം. വീടിൻറെ സ്ഥാനവും അളവുകളും ബന്ധപ്പെട്ട അറിവുകൾ മാത്രമാണ് വാസ്തുശാസ്ത്രം.
നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള വാസ്തുശാസ്ത്രം മൂന്ന് രീതികളാണ്.
1. ചൈനീസ് വാസ്തുശാസ്ത്രം,
2. പാരമ്പര്യവാസ്തുശാസ്ത്രം
3. ഭാരതീയ വാസ്തുശാസ്ത്രം.
ആദ്യമേ മനസ്സിലാക്കേണ്ടത് ഇന്ന് നാട്ടിൽ സാധാരണക്കാരെ ചൂഷണം ചെയ്യാനുപയോഗിക്കുന്ന പ്രധാനമേഖലയായി വാസ്തുശാസ്ത്രം മാറിയിട്ടുണ്ടെന്നാണ്. വിഷയവുമായി ശരിയായ വിവരമില്ലാത്തവരും ഇസ്ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായ കർമങ്ങൾ ചെയ്യുന്നവരുമായ ആശാരികളെയോ മറ്റോ ഇത്തരം കാര്യങ്ങൾ നിർവഹിക്കുന്നതിനായി നാമൊരിക്കലും വിളിക്കരുതെന്ന് തുടക്കത്തിലേ പറയട്ടെ. ഇനി വാസ്തുശാസ്ത്രം നാം പരിഗണിക്കേണ്ടതുണ്ടോ എന്ന് നോക്കാം. വാസ്തുശാസ്ത്രം കൊണ്ട് ലക്ഷ്യമാക്കുന്നത് ഐശ്വര്യസമ്പൂർണമായ ജീവിതമാണ്. പല വസ്തുക്കളിലും പല ഗുണങ്ങളാണല്ലോ ഉള്ളത്. എല്ലാ ഗുണങ്ങളും എല്ലാ വസ്തുവിലും ഉണ്ടാവില്ലല്ലോ. തേക്കുകൊണ്ട് കിട്ടുന്ന ഉപകാരം മുള കൊണ്ട് കിട്ടുകയില്ലല്ലോ. ഇവിടെ നിന്നാണ് വാസ്തുശാസ്ത്രം ഉടലെടുക്കുന്നത്. എല്ലാ ഭൂമിയും താമസിക്കാൻ യോഗ്യമല്ല. പിശാചിൻറെ സാന്നിധ്യമുള്ള ഭൂമിക്ക് താമസസൌകര്യം എന്ന ഗുണമില്ലെന്നതാണ് കാരണം. വാസ്തുശാസ്ത്രം ചർച്ച ചെയ്യപ്പെടുന്നത്ഹൈന്ദവവേദങ്ങളായ യജുർവേദത്തിലും അഥർവവേദത്തിലുമാണ്. ഈ രണ്ടു വേദങ്ങളിലല്ലാതെ വാസ്തുശാസ്ത്രം മറ്റൊരു ഗ്രന്ഥത്തിലും ചർച്ച ചെയ്തിട്ടില്ല. ആയതിനാൽ ഇസ്ലാമിക വാസ്തുശാസ്ത്രം എന്ന ഒന്നില്ല. വാസ്തുരശാസ്ത്രത്തിലെ അറിവുകളെല്ലാം ഹൈന്ദവമുനിമാരും സന്യാസിമാരും അവരുടെ വിശ്വാസകർമമുറകളായ ജനങ്ങളിലൂടെയും തപസുകളിലൂടെയുമെല്ലാം നേടിയെടുത്ത അറിവുകളാണ്.
വാസ്തുശാസ്ത്രത്തിൻറെ അടിസ്ഥാനം ഭൂമിദേവനെ തൃപ്തിപ്പെടുത്തലാണ്. അറിവുള്ള ഒരു ആശാരിയെ നാം ഈ കർമം ചെയ്യാൻ വിളിച്ചാൽ വാസ്തു പൂജ നടത്തിയ ശേഷമാണ് അയാൾ കർമങ്ങൾ നിർവഹിക്കുന്നത്.ഈയടിസ്ഥാനത്തിലുള്ള ഒരു പ്രവർത്തനവും നമുക്ക് ചെയ്യാൻ പാടുള്ളതല്ല. അല്ലാഹുവിൻറെ പ്രത്യേകമായ പ്രകാശത്തിൻറെ സഹായത്തോടെ അൽഭുതങ്ങളെയും അബൌധികങ്ങളെയും ദർശിക്കാനാകുന്ന മഹാന്മാരുടെ കണ്ണുകൾക്ക് മേൽ പറഞ്ഞ വാസ്തുശാസ്ത്രത്തിൻറെ സഹായമൊന്നുമില്ലാതെ തന്നെ ഇത്തരം ഗുണദോഷങ്ങൾ മനസിലാക്കാൻ കഴിയുമെന്നത് പ്രാമാണികമായി സ്ഥിരപ്പെട്ടതാണ്. ആയതിനാൽ അത്തരം നല്ലവരായ ആളുകളെ കൊണ്ടുവന്ന് നമ്മുടെ വീടുനിർമാണ കാര്യങ്ങളും മറ്റും ക്രമീകരിക്കലാണ് ഏറ്റവും നല്ലത്. വീടുനിർമാണത്തിൽ പ്രധാനമായി മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.
1-സ്ഥാനം, 2-സൂത്രവേദം, 3-അളവ്.
വീടെടുക്കാനുദ്ദേശിക്കുന്ന പറമ്പിൻറെ സ്വാഭാവം വടക്ക്ഭാഗം ഉയരവും തെക്ക്ഭാഗം താഴ്ച്ചയുമാണെങ്കിൽ ആ സ്ഥലത്തിന് അന്തകവീഥി എന്നാണ് പേര്. അതിൻറെ ഫലം ദുർമൃതിയാണെന്നും അവിടെ വീടുവെക്കൽ നല്ലതല്ലെന്നുമാണ് വാസ്തുശാസ്ത്രം. ഇങ്ങനെയുള്ള ഭൂമി മാത്രമേ ഉള്ളുവെങ്കിൽ വീടുവെക്കുന്ന സ്ഥലം വടക്കുഭാഗവും തെക്കുഭാഗവും സമമാക്കണമത്രെ. നേരെ തിരിച്ച് വടക്ക് ഭാഗം താഴ്ന്നും തെക്ക് ഉയർന്നുമാണെങ്കിൽ അതിന് ഗജവീഥി എന്നാണ് പേര്. അവിടെ വീടെടുക്കൽ ഉത്തമമായ സ്ഥലമാണ്.പടിഞ്ഞാറുയർന്ന് കിഴക്ക് താഴ്ന്ന ഭൂമിയാണെങ്കിൽ ഐശ്വര്യപൂർണമായ ജീവിതമാണ് ഇവിടെ ഫലം എന്ന് പറയപ്പെടുന്നു. പടിഞ്ഞാറ് താഴ്ന്ന് കിഴക്ക് ഉയർന്ന ഭൂമിയാണെങ്കിൽ ജലവിഥി പുത്രനാശം,ഭാര്യനാശം , ദാരിധ്യം എന്നിവയാണ് ഫലം. പക്ഷെ, ആദ്യത്തെ പത്ത് വർഷം ഐശ്വര്യപൂര്ണമായ ജീവിതമാകും. ഇതോടൊപ്പം ശ്രദ്ധിക്കേണ്ട പ്രധാനകാര്യം വീടെടുക്കുന്ന സ്ഥലത്തിൻറെ നാല് ഭാഗങ്ങളെ കുറിച്ചാണ്.
വീടെടുക്കുന്ന ആകെ സ്ഥലത്തെ 4 സമഭാഗങ്ങളാക്കുക. അതിലെ വടക്കുകിഴക്ക് ഭാഗമാണ് മനുഷ്യഖണ്ഡം). ഇവിടെയാണ് വീടെടുക്കാൻ ഏറ്റവും ഉത്തമം. വീട് മുഴുവൻ അവിടെയാകണമെന്നില്ല. വീടിൻറെ അധികഭാഗവും അവിടയാവണം എന്നേ ഉള്ളു. ഐശ്വര്യസന്താനഅഭിവൃതിയാണ് ഫലമെന്ന് പറയപ്പെടുന്നു. തെക്ക് പടിഞ്ഞാറ് ഭാഗം (ദേവഖണ്ഡം)വീടെടുക്കാനുതുകുന്ന രണ്ടാംസ്ഥാനമാണ്. ഉദ്ദേശസാഫല്യം ആണ് ഇവിടെ ഫലം.തെക്ക്കിഴക്ക് ഭാഗമാണ് അഗ്നികോൺ. ഇവിടെ വീടെടുത്താലുള്ള ഫലം മരണപ്രദം എന്നാണ് പറയപ്പെടുന്നത്. മരണതുല്യജീവിതമാകുമെന്ന് അർത്ഥമാക്കുന്നു. വടക്ക് പടിഞ്ഞാറ് (അരഖാം). നിന്ദ്യം എന്നതാണ് ഇവിടെ നിർമാണത്തിലെ ഫലം . രണ്ടാമതായി ശ്രദ്ധിക്കേണ്ടത് സൂത്രവേദമുണ്ടാവാതിരിക്കുകയെന്നതാണ്. സൂത്രവേദമുണ്ടായാൽ അത് വാസ്തുനിയമപ്രകാരം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. സൂത്രവേദത്തിൽ നിന്ന് രക്ഷപ്പെടാൻ ചിലർ ചുമരിൽ ദ്വാരങ്ങളുണ്ടാക്കാറുണ്ട്. സൂത്രവേദത്തിൽ നിന്ന് രക്ഷപ്പെടാൻ ദ്വാരങ്ങൾ പരിഹാരമാണെന്ന് ഒരു വാസ്തുനിയമത്തിലുമില്ല. നാല് സൂത്രങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. വീടുവെക്കാനുദ്ദേശിക്കുന്ന സ്ഥലത്തിൻറെ തെക്ക് വടക്ക് ദിശയിൽ ഒരു നേർരേഖ വരക്കുക. ആ നേർരേഖക്ക് യമസൂത്രം എന്നാണ് പേര്. അതുപോലെ വീടിൻറെ തെക്കുവടക്കും ഒരു നേർരേഖ വരക്കുക. അതും യമസൂത്രമാണ്. ഈ നേർരേഖ വീടിൻറെ തെക്ക് ഭാഗത്തോ വടക്കുഭാഗത്തോ ഉള്ള കിണർ, കുളം, ടോയ്ലറ്റ്, ബാത്റൂം, വിറക്പുര തുടങ്ങിയവയുടെ സെൻററിലൂടെ കടന്നുപോകുന്നുണ്ടെങ്കിൽ സൂത്രവേദം സംഭവിച്ചു എന്ന് പറയുന്നു. തെക്ക് സൂത്രവേദം സംഭവിച്ചാൽ പുത്രനാശവും വടക്ക് സൂത്രവേദം സംഭവിച്ചാൽ വംശനാശവുമാണ് ഫലം. അതുപോലെ, വീടിൻറെയും സ്ഥലത്തിൻറെയും കിഴക്ക് പടിഞ്ഞാറ് ഒരു നേർരേഖ സങ്കൽപ്പിക്കുക. ആ നേർരേഖയെ കുറിച്ച് ഭ്രഹ്മസൂത്രം എന്നാണ് വിളിക്കുക. ഭ്രഹ്മാവ് എന്ന പിശാചിൻറെ സഞ്ചാരപാത(പോക്കുവരവ്)യാണിത്. ഇവിടെ കിഴക്ക് സൂത്രവേദം സംഭവിച്ചാൽ ശരൂപീഠനവും പടിഞ്ഞാറ് സൂത്രവേദം സംഭവിച്ചാൽ ധനനഷ്ടവുമാണ് ഫലം.
മൂന്നാമതായി ശ്രദ്ധിക്കേണ്ട കാര്യം അളവുകളാണ്. വീടിൻറെ ചുറ്റളവാണിത്. വീടിൻറെ ഭാഗങ്ങളും വലിപ്പവുമെല്ലാം പരിഗണിച്ച് മൂന്ന് തരം അളവുകളാണുള്ളത്. ഉത്തമം, മധ്യമം, അധമം. ഉത്തമം വീടു നിർമിക്കാൻ അനുയോജ്യമായ കണക്കും മധ്യമം കുഴപ്പമില്ലാത്തതും അധമം പാടില്ലാത്തതുമാണ്. മുകളിൽ പറഞ്ഞത് ഹൈന്ദവവേദങ്ങളിലെ വാസ്തുശാസ്ത്രവുമായി ബന്ധപ്പെട്ട ചെറിയ സൂചനകൾ മാത്രമാണ്. വളരെ വിശാലമായി കിടക്കുന്ന ഒരു വിജ്ഞാനശാഖ തന്നെയാണിത്. കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഇതെന്താണെന്ന് മനസ്സിലാക്കാൻ വേണ്ടി അൽപം ചില കാര്യങ്ങൾ ഇവിടെ പറഞ്ഞുവെന്ന് മാത്രം. എന്നാൽ പിശാചിൻറെ ശർറുകളിൽ നിന്ന് രക്ഷ നേടാനായി, വാസ്തുശാസ്ത്രത്തിലുള്ള അറിവുകൾ ഉപയോഗിച്ച് ഇസ്ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമല്ലാത്ത രീതിയിൽ കാര്യങ്ങൾ ചെയ്യുന്നതിന് കുഴപ്പമില്ലെന്നതാണ് വാസ്തവം. പിശാചിൻറെ സാന്നിധ്യം എവിടെയാണെന്ന് വാസ്തുശാസ്ത്രത്തിൻറെ സഹായത്തോടെ നാം മനസ്സിലാക്കുകയും ആ പിശാചിനെ പ്രീതിപ്പെടുത്തി അവൻറെ ശർറിൽ നിന്ന് രക്ഷ നേടുന്നതിന് പകരം വിശുദ്ധഖുർആനിൻറെയും ദികളുടെയും സഹായത്തോടെ അവനെ ആട്ടിയോടിച്ച് നാം രക്ഷ നേടുകയും ചെയ്യുകയെന്നത് അനുവദനീയമാണല്ലോ. പിശാചുകളുടെ ശർറിൽ നിന്ന് രക്ഷ നേടാനായി അവരുടെ ശല്യമുള്ള ഭാഗങ്ങളും അതിനുള്ള കാരണങ്ങളും ശ്രദ്ധിക്കുന്നതിന് കുഴപ്പമൊന്നുമില്ല. ഹൈന്ദവവേദങ്ങളിൽ ചർച്ച ചെയ്യുന്ന ആയുർവേദചികിത്സാരീതി നമ്മുടെ വിശ്വാസങ്ങൾക്കോ കർമങ്ങൾക്കോ വിരുദ്ധമാവാത്ത രീതിയിൽ നാം വ്യാപകമായി ഉപയോഗിക്കുന്നുണ്ടല്ലോ.
അപ്പോൾ വാസ്തുശാസ്ത്രം അനുശാസിക്കുന്ന നിയമങ്ങളും നിർദേശങ്ങളും നമുക്ക്
മൂന്നായി തരം തിരിക്കാം.
1. ഏകദൈവവിശ്വാസത്തിന് കളങ്കമുണ്ടാക്കുന്നവ
2. ഇസ്ലാമിക വിരുദ്ധമായവ
3. ഇസ്ലാമിലെ വിശ്വാസകർമശാസ്ത്രങ്ങൾക്ക് വിരുദ്ധമല്ലാത്തവ
വാസ്തുശാസ്ത്രത്തിൽ പറയുന്ന വാസ്തുപൂജയും വാസ്തുബലിയുമെല്ലാം ഏകദൈവവിശ്വാസത്തിന് കളങ്കമുണ്ടാക്കുന്ന കാര്യങ്ങളാകയാൽ അവയിൽ വിശ്വസിക്കുന്നത് ശിർക്കാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏകദൈവവിശ്വാസത്തിന് കളങ്കം വരുത്തുന്നില്ലെങ്കിലും ഇസ്ലാമികാധ്യാപനങ്ങൾക്ക് വിരുദ്ധമായവ നിശിദ്ധവും (ഹറാം) അനുകരിക്കാൻ പാടില്ലാത്തതുമാണ്. എന്നാൽ മതവിരുദ്ധമല്ലാത്ത കാര്യങ്ങൾ, വാസ്തുശാസ്ത്രത്തിൻറെ ഭാഗമാണെന്നത് കൊണ്ട് മാത്രം എതിർക്കപ്പെടേണ്ടതില്ലെന്ന കാര്യം ശ്രദ്ധേയമാണ്.സത്യനിശേധികളുടെ ആരാധനാമൂർത്തികൾ നമ്മുടെ കാഴ്ച്ചപ്പാടിൽ പൈശാചികശക്തികളാണല്ലോ. പിശാചുക്കൾ ഉപദ്രവം ചെയ്യുമെന്നത് നമ്മുടെ വീടുവെക്കരുതെന്നും വീടെടുത്താൽ ദോശകരമായി ബാധിക്കുമെന്നും വീടിൻറെ ചിലഭാഗങ്ങളിൽ ശൗചാലയവും അനുബന്ധകാര്യങ്ങളും വരാൻ പാടില്ലെന്നും വിശ്വാസങ്ങൾക്കോ ആചാരങ്ങൾക്കോ ഒരിക്കലും വിരുദ്ധവുമല്ല. ചില സ്ഥലങ്ങളിൽ വാസ്തുശാസ്ത്രം പറയുന്നു. ഉദാഹരണമായി അമ്പലങ്ങളുടെ പരിസരത്ത് വീട്നിർണം നടത്തുന്നത് വാസ്തുശാസ്ത്രം നിരുത്സാഹപ്പെടുത്തുന്നുണ്ട്. ഇസ്ലാമികമായി എവിടെയും വീടെടുക്കാമെങ്കിലും വീടിൻറെ ഏതുമൂലയിലും അടുക്കളയോ ശൌചാലയമോ ഒക്കെ സജീകരക്കാമെങ്കിലും പൈശാചികമായ ഉപദ്രവങ്ങളുടെ സാധ്യത പരിഗണിച്ച് മേൽപറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ തെറ്റില്ല. പിശാചുകളുടെ കഴിവിനെ കുറിച്ച് വിശുദ്ധഖുർആൻ തന്നെ പലയിടങ്ങളിലായി വിശദീകരിച്ചിട്ടുണ്ടല്ലോ. ഭൌതികമായ എന്തെങ്കിലും കുഴപ്പങ്ങളോ ഉപദ്രവങ്ങളോ ആരു പറഞ്ഞുതന്നാലും നാം സ്വീകരിക്കുന്നത് പോലെ, നമ്മുടെ വിശ്വാസത്തിന് വിരുദ്ധമല്ലാത്ത രീതിയിലുള്ള അഭൌതികമായ കുഴപ്പങ്ങളോ ഉപദ്രവങ്ങളോ ഇതരമതസ്തർ പറഞ്ഞുതന്നാലും നമുക്ക് സ്വീകരിക്കുന്നതിന് ഒരു കുഴപ്പവുമില്ല. മഴ, വെയിൽ, രോഗാണുക്കൾ, വിഷ ജന്തുക്കൾ തുടങ്ങിയവയൊക്കെ പരിഗണിച്ച് അവയെ പ്രതിരോധിക്കാൻ പ്രാപ്തമായ രീതിയിൽ ഗൃഹനിർമ്മാണം നിർവ്വഹിക്കാറുണ്ടല്ലോ. പിശാച് നമ്മുടെ ആജന്മശത്രുവാണെന്ന് വിശുദ്ധഖുർആനും ചില നിയമങ്ങൾ പാലിക്കാതിരുന്നാൽ ആ പിശാചിൻറെ ഉപദ്രവങ്ങളുണ്ടാകുമെന്ന് പിശാചിൻറെ സിൽബന്ധികളായ ഹൈന്ദവസഹോദരങ്ങളും നമ്മോട് പറയുമ്പോൾ ഇസ്ലാമിക വിരുദ്ധമല്ലാത്ത അത്തരം നിർദേശങ്ങൾ ശ്രദ്ധിക്കുന്നതിൽ എന്താണ്കുഴപ്പമുള്ളത്.
പിശാചുക്കളുടെ ഉപദ്രവങ്ങൾ തിരിച്ചറിഞ്ഞ് അവയെ പ്രതിരോധിക്കാനും പിശാചുകളെ തുരത്തിയോടിക്കാനും കഴിയുന്ന മഹത് വ്യക്തികൾക്ക് ഒരുപക്ഷേ ഇത്തരം സാഹചര്യങ്ങളെ ദിക്കുകൾ കൊണ്ടും തവക്കുൽ കൊണ്ടും മറികടക്കാൻ കഴിഞ്ഞേക്കാം. മാരകമായ അസുഖങ്ങൾ വരുമ്പോൾ പോലും അല്ലാഹുവിൽ തവക്കുലാക്കി ഭൌതികമായ പരിഹാരം തേടിപ്പോകാത്ത ക്ഷമാശീലരായ മഹത്തുക്കളെ നമുക്കറിയാമല്ലോ. എങ്കിലും ഇത്തരം സ്ഥലങ്ങളിൽ താമസിക്കുന്നവരോട് ദിക്റ് ചൊല്ലാൻ പറയുന്നതിന് പകരം മാറിത്താമസിക്കാനാണ് നബി(സ്വ) കൽപിച്ചത് എന്നത് ശ്രദ്ധേയമാണ്. ഹയാത്തുൽ ഹയവാൻ, സ്വലാഹുദ്ദീൻ തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇത്തരം കാര്യങ്ങളെ കുറിച്ച് പരാമർശങ്ങൾ കാണാം. കൂടുതൽ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടെ.