അസ്സലാമുഅലൈക്കും, എനിക്ക് ഒരു മുസ്ലിം കുട്ടിയെ ഇഷ്ടം ആയിരുന്നു ആ കുട്ടിക്ക് എന്നെയും, ഇപ്പോൾ 2ആളും വേറെ വേറെ ഫാമിലി ആയി ജീവിക്കുന്നു.. പക്ഷെ ആ ഇഷ്ടത്തിന് ഇപ്പോളും കുറവില്ല..2 പേരും ഇസ്ലാമിക ചട്ട കൂടിൽ നിന്നും ജീവിക്കുന്നത് മൂലം വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ തെറ്റിലേക്കൊന്നും നീങ്ങിയിട്ടില്ല.. ഞങ്ങൾക്ക് ആഖിരത്തിൽ ഒരുമിച്ചു ജീവിക്കാൻ വേണ്ടി ദുആ ചെയ്യാൻ പറ്റുമോ, അങ്ങനെ കരുതുന്നത് തെറ്റാണോ ഇസ്ലാമിൽ?
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവനാണ് സർവ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടേ.
സജ്ജനങ്ങളുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ചുകൂടാനാഗ്രഹിക്കുന്നതും അതിന് വേണ്ടി പ്രാർത്ഥിക്കുന്നതുമെല്ലാം നല്ലതാണല്ലോ. എന്നാൽ വിലക്കുള്ളതാണെന്ന് പ്രത്യേകം അനിവാര്യഘട്ടങ്ങളിലൊഴികെ അന്യസത്രീപുരുഷൻമാർ തമ്മിൽ കാണുന്നതും സംസാരിക്കുന്നതുമെല്ലാം മതവീക്ഷണത്തിൽ പറയേണ്ടതില്ലല്ലോ. വളരെ പുണ്യകരമായ സലാം പറയൽ പോലും അന്യസ്ത്രീപുരുഷന്മാർക്കിടയിൽ ഇസ്ലാം പ്രോൽസാഹിപ്പിക്കുന്നില്ല. വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ അരുതായ്മകളിലേക്ക് വഴുതിവീഴാനുള്ള സാധ്യത ഒഴിവാക്കാനാണ് ഈ നിയന്ത്രണങ്ങൾ. ആയതിനാൽ ഇസ്ലാമിക ചട്ടക്കൂടിൽ ജീവിതം നയിക്കുന്ന നിങ്ങൾ ഇരുവരും ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
വിവാഹിതനായി സകുടുംബം സന്തുഷ്ടജീവിതം നയിച്ചുകൊണ്ടിരിക്കുന്ന താങ്കളുടെ മനസിൽ മറ്റൊരാളുടെ ഭാര്യയായി ജീവിതം നയിക്കുന്ന ഒരു സത്രീയിൽ ഏതെങ്കിലും തരത്തിലുള്ള ആഗ്രഹങ്ങൾ ജനിക്കുന്നത് തിന്മകളിലേക്ക് വഴിവെക്കാനുള്ള സാധ്യതയുള്ളതിനാലും, മുമ്പ് ഇഷ്ടത്തിലായിരുന്ന അന്യയായ സ്ത്രീയുമായി സ്വർഗത്തിലൊരുമിച്ചുകൂടണമെന്ന ആഗ്രഹം സ്ഥിരമായി മനസിൽ കൊണ്ടുനടക്കുന്നത് പോലും പിന്നീട് ഒരുപക്ഷേ തെറ്റായ ചിന്തകളിലേക്കെത്തിക്കാനുള്ള സാധ്യതയുള്ളതിനാലും ഇത്തരം ആലോചനകളിൽ നിന്ന് മനസിനെ മുക്തമാക്കി താങ്കളുടെ നിലവിലെ കുടുംബം ഇഹത്തിലും പരത്തിലും കൺകുളിർമയേകുന്നതായി മാറാൻ സ്ഥിരമായി ദുആ ചെയ്യലാണ് അനുയോജ്യവും ഉത്തമവുമായ മാർഗം. കൂടുതൽ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.